മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ പ്രമുഖ ബാങ്കിന്റെ ബ്രാഞ്ചിലെത്തി വ്യാജ ബോബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ബാങ്കിലെത്തിയ യോഗേഷ് കുബാഡെ എന്ന യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. 'പതിനഞ്ച് മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ബോംബിട്ട് തകർക്കും എന്ന പ്ലക്കാർഡുമായാണ് യോഗേഷ് എത്തിയത്.

തന്റെ മാതാവിന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാണ് ഇങ്ങനൊരു മാർഗ്ഗം സ്വീകരിച്ചതെന്നാണ് യോഗേഷ് പറയുന്നത്.എന്നാൽ ബാങ്കിന് തൊട്ടുമുന്നിലായിരുന്നു പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്നത്. ബാങ്ക് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യാജ ബോംബുമായെത്തിയ യുവാവിനെ കയ്യോടെ പിടികൂടി.

ഡിജിറ്റൽ വാച്ച്, പ്ലാസ്റ്റർ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു യുവാവ് വ്യാജ ബോംബ് നിർമ്മിച്ചത്. ഇയാളിൽ നിന്ന് പൊലീസ് കഠാരയും എയർ ഗണ്ണും കണ്ടെടുത്തിട്ടുണ്ട്. ഓൺലൈനിലൂടെയാണ് പ്രതി ബോംബ് നിർമ്മിക്കാനുള്ള സാധനങ്ങൾ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സേവാഗ്രാം പൊലീസ് സബ് ഇൻസ്‌പെക്ടർ ഗണേശ് സയ്ക്കർ പറഞ്ഞു.