തിരുവനന്തപുരം: കേരള സന്ദർശനത്തിനിടെ പിടിയിലായ വ്യാജ പൊലീസുകാരൻ ചെന്നൈ പെരമ്പൂർ നമ്മാൾവാർപേട്ട് സ്വദേശി വിജയൻ(42) ആളൊരു തട്ടിപ്പു വീരൻ തന്നെ. പല വേഷങ്ങളിലായാണ് ഇയാൽ തട്ടിപ്പു നടത്തിയത്. കേന്ദ്ര ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർ, സ്വകാര്യ ചാനൽ എഡിറ്റർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ, സൈനിക ഉദ്യോഗസ്ഥൻ തുടങ്ങി വ്യത്യസ്ത തസ്തികകളിലുള്ള ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു ആൾമാറാട്ടം.

മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുൻ ലഫ്. ഗവർണർ കിരൺ ബേദി, പൊലീസ് ഓഫീസർമാർ തുടങ്ങിയവർക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ സത്യാവസ്ഥ പൊലീസ് പരിശോധിച്ചു വരികയാണ്. തോക്ക് കണ്ടെത്തിയതിനാൽ ചിത്രത്തിലുള്ള വി.ഐ.പി.കളുടെ സുരക്ഷാകാര്യത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു.

ിയൽ എസ്റ്റേറ്റ് ബിസിനസിന് ഉപയോഗിക്കാൻ ഈ ചിത്രങ്ങൾ ഇയാൾ ഒരുവർഷത്തോളമായി ഉപയോഗിച്ചതായി കരുതുന്നു. തിരിച്ചറിയൽ കാർഡും മറ്റും തയ്യാറാക്കാൻ ഇയാൾക്ക് ചിലരുടെ സഹായം ലഭിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. കേരളത്തിൽ ഇയാൾ പ്രത്യേക അന്വേഷണത്തിനെത്തിയ കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥനെന്നാണ് അറിയിച്ചിരുന്നത്. തേനി-ദിണ്ടിഗൽ ദേശീയപാതയിലെ ടോൾഗേറ്റിൽ പരിശോധനയ്ക്കുനിന്ന പൊലീസിനുനേരെ ഇയാൾ തട്ടിക്കയറി. സംശയംതോന്നിയ പൊലീസ് കൂടുതൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇയാളുടെ വാഹനം, തിരിച്ചറിയൽ കാർഡ് എന്നിവ പരിശോധിച്ചു. തുടർന്നാണ് ആൾമാറാട്ടം വെളിച്ചത്തായത്.

ലോറിക്കച്ചവടവും ഇടക്ക് ടൂറിസ്റ്റ് ഗൈഡുമായി നടന്നിരുന്ന വിജയൻ പ്ലേ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യയെ സന്തോഷിപ്പിക്കാനാണ് അസിസ്റ്റന്റ് കമീഷണറായി വേഷംകെട്ടിയതെന്നാണ് പൊലീസീനോട് പറഞ്ഞത്. കട്ടപ്പനയിലെത്തി ഡിവൈ.എസ്‌പിയെ കണ്ട് സല്യൂട്ട് കൊടുത്തതോടെ കള്ളി പൊളിഞ്ഞത്. ഒരേ റാങ്കിലെ ഉദ്യോഗസ്ഥന് സല്യൂട്ട് നൽകിയതും പുത്തൻ യൂനിഫോമും സംശയത്തിനിടയാക്കി. വിജയൻ വന്ന വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ അത് തമിഴ്‌നാട് പൊലീസിന്റെ ഔദ്യോഗിക വാഹനപ്പട്ടികയിൽ കാണാത്തതും വിജയനെ കുടുക്കി.

പൊലീസിൻേറതെന്ന വ്യാജേന വിജയൻ ഉപയോഗിച്ച വാഹനത്തിന്റെ ടി.എൻ 37 ജി 0515 നമ്പർ വ്യാജമാണെന്നും കണ്ടെത്തി. വാഹനം കോയമ്പത്തൂർ സ്വദേശി ജയ മീനാക്ഷിയുടെ ടി.എൻ 37 ഡി.ജെ 0515 നമ്പറിലെ വാഹനമാണ് ഇയാളുടെ കൈയിലുണ്ടായിരുന്നത്. അങ്ങനെ എല്ലാ അർത്ഥത്തിലും ജഗജില്ലി. തമിഴ്‌നാട്ടിൽ ക്രൈം കേസുകൾ അന്വേഷിക്കുന്ന ക്യൂ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണറായിട്ടായിരുന്നു വിജയന്റെ ആൾമാറാട്ടം.

പൊലീസ് ഉപയോഗിക്കുന്ന തരത്തിലെ ജീപ്പും സൈറണും തോക്കും എല്ലാം സംഘടിപ്പിച്ചിരുന്നു. കട്ടപ്പന പൊലീസ് വിവരം തമിഴ്‌നാട് പൊലീസിന് കൈമാറിയതോടെ 'അസിസ്റ്റന്റ് കമീഷണറെ' വരവേൽക്കാൻ ദിണ്ഡുഗൽ പൊലീസ് രാത്രി വഴിയിൽ കാത്തിരുന്നു. തിരിച്ചറിയൽ കാർഡും തോക്കും വലിച്ചെറിഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചു. വിജയനെ വളഞ്ഞ് പിടികൂടി പൊലീസ് കൈവിലങ്ങ് വച്ചു.