കൊച്ചി: സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2655 രൂപയായി. പവന് 160 രൂപ കുറഞ്ഞു. 21240 രൂപയാണ് ഇന്ന് ഒരു പവന് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 21400 ആയിരുന്നു. ഡോളറിന്റ മൂല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനിയും സ്വർണ വില വീണ്ടും കുറയുമെന്നാണ് ഈ രംഗത്തെ വിദ്ഗധർ വിലയിരുത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സ്വർണവില കുറയുന്നത്. ഓഗസ്റ്റ് 13ന് പവന് 21480 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഓഗസ്റ്റ് 18ന് 80 രൂപ കുറഞ്ഞ് 21,400ൽ എത്തിയിരുന്നു. ഇപ്പോൾ വീണ്ടും 160 രൂപ പവന് കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 1286.18 ഡോളറാണ് വില. അതേസമയം വിവാഹ സീസണായതോടെ സ്വർണത്തിന്റെ വില കൂടിയേക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ നൽകുന്ന സൂചന.