മൂന്നാർ: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് പണികിട്ടിയ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്.എങ്കിലും വഴികളെക്കുറിച്ച് സംശയം വന്നാൽ നാം ഇപ്പോഴും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെ തന്നെയാണ്.ഇപ്പോഴിത ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് ഒടുവിൽ വന്യജീവികൾ വിഹരിക്കുന്ന കാട്ടിൽ അകപ്പെട്ടിരിക്കുകയാണ് ഒരു കുടുംബം.അതും രാത്രിയിൽ.ഒടുവിൽ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലാണ് സംഘത്തിന് തുണയായത്.തൃശൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മെയ്‌മ, ബന്ധു ഷാന എന്നിവരാണ് മാട്ടുപ്പെട്ടിയിൽ ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ വിലസുന്ന കുറ്റിയാർവാലി വനത്തിൽ കുടുങ്ങിയത്.

ദേവികുളത്തെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇവർ കഴിഞ്ഞ ദിവസം സ്ഥലങ്ങൾ കാണാൻ ഇറങ്ങുകയായിരുന്നു.ടോപ് സ്റ്റേഷനും വട്ടവടയും സന്ദർശിച്ച് തിരിച്ച് വരുന്നതിനിടെയാണ് ഇവർക്കു വഴി തെറ്റിയത്. ഈ റിസോർട്ടിലെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. മാട്ടുപ്പെട്ടി എട്ടാം മൈലിൽ എത്തിയപ്പോൾ മൂന്നാർ റൂട്ടിൽ നിന്നു തിരിഞ്ഞ് കുറ്റിയാർവാലി റൂട്ടിലേക്ക് പ്രവേശിച്ചു. ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റി.

വഴി അറിയാതെ തേയിലത്തോട്ടത്തിലൂടെയും വനത്തിലൂടെയും 5 മണിക്കൂർ കറങ്ങിയ ഇവരുടെ വാഹനം പെട്ടന്നാണ് ചെളിയിൽ താഴ്ന്നത്.ഇതോടെ ആശങ്ക വർധിക്കുകയും ചെയ്തു.ഇവിടെ നിന്ന് ഇവർ ഫയർഫോഴ്സിന്റെ നമ്പറിലേക്ക് ലൊക്കേഷൻ അയച്ചു സന്ദേശം നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ 9 അംഗ സംഘം പുലർച്ചെ ഒന്നരയോടെ കുറ്റിയാർവാലിയിലെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ലൊക്കേഷൻ മാപ്പിൽ ഇവർ നിൽക്കുന്ന സ്ഥലം തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.

മൊബൈൽ സിഗ്‌നൽ ദുർബലമായിരുന്ന പ്രദേശമായതിനാൽ തന്നെ ഫയർഫോഴ്‌സിന് കുടുംബത്തെ ബന്ധപ്പെടുന്നതും ദുഷ്‌കരമായിരുന്നു. റേഞ്ച് ഉള്ള ഭാഗത്തെത്തി തുടരെ ബന്ധപ്പെടാൻ ശ്രമിച്ചാണ് ഫയർഫോഴ്സ് സംഘം കുടുംബവുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. വാഹനം ശ്രദ്ധയിൽപ്പെടാൻ വേണ്ടി കുറ്റിയാർവാലിയിലെ ഉയർന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെർച്ച് ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ടതോടെ കാട്ടിൽ കുടുങ്ങിയ സംഘം അവരുടെ കാറിന്റെ ലൈറ്റ് ഇട്ടു.

അങ്ങനെ നാല് മണിയോടെ രക്ഷാപ്രവർത്തകർ ഇവരുടെ അടുത്തെത്തി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ വാഹനം ചെളിയിൽ നിന്നു കരയ്ക്കുകയറ്റി സംഘത്തെ കാടിനു വെളിയിൽ എത്തിച്ചു. കാട്ടാനകളുടെ താവളമായ ഈ മേഖലയിൽ 8 വർഷം മുൻപ് തോട്ടം തൊഴിലാളി സ്ത്രീയെ കടുവ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

സീനിയർ ഫയർ ഓഫിസർമാരായ തമ്പിദുരൈ, വി.കെ.ജീവൻകുമാർ, ഫയർ ഓഫിസർമാരായ വി.ടി.സനീഷ്, അജയ് ചന്ദ്രൻ, ആർ.രാജേഷ്, എസ്.വി. അനൂപ്, ഡാനി ജോർജ്, കെ. എസ്. കൈലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം