ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപിയുടെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കളെ സഹായിക്കാൻ വേണ്ടി തയ്യാറാക്കിയതാണ് വിവാദ കാർഷിക നിയമങ്ങളെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

അദാനി ഗ്രൂപ്പ് ഹിമാചൽ പ്രദേശിലെ ആപ്പിൾ സംഭരണ വില നിരക്കിൽ ഇടിവുണ്ടക്കിയതായി വന്ന റിപ്പോർട്ടുകളുടെ പാശ്ചാത്തലത്തിലാണ് പ്രിയങ്ക കാർഷിക നിയമങ്ങളെ ശക്തമായി വിമർശിച്ചത്. ആപ്പിളിന്റെ വില 16 രൂപയായി കുറച്ചാണ് സംഭരണത്തിന് അദാനി നിശ്ചയിച്ചിരിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

എന്നാൽ കർഷകരിൽ നിന്ന് വിളകളുടെ വില നിശ്ചയിക്കാനുള്ള അധികാരം ശതകോടീശ്വരന്മാരിൽ എത്തിച്ചതോടെയാണ് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെട്ടത്. പുതിയ കാർഷിക നിയമങ്ങൾ ബിജെപിയുടെ ശതകോടിശ്വരരായ സുഹൃത്തുക്കളുടെ കൈകളിലാണ് കാർഷിക വിളകളുടെ വില നിശ്ചയിക്കാനുള്ള അധികാരം നല്കുന്നത്. അതുകൊണ്ടാണ് കർഷകർ വിവാദ കരി നിയമങ്ങളെ ശക്തമായി വിമർശിക്കുന്നതെന്ന് പ്രിയങ്ക ട്വീറ്ററിൽ വിമർശിച്ചു.