ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാൽ തങ്ങളുടെ ആവശ്യം നിയമപരമായി ഉറപ്പാക്കിയ ശേഷം മാത്രമാകും സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതുവരെ കേന്ദ്രസർക്കാരിന് എതിരെയുള്ള പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സിംഘു അതിർത്തിയിൽ ചേർന്ന യോഗത്തിലാണ് സമരം തുടരാൻ കർഷകർ തീരുമാനിച്ചത്. കഴിഞ്ഞദിവസം, വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കർഷകർ യോഗം ചേർന്നത്.

താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്നും കർഷക സംഘടനകൾ പറഞ്ഞു. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

മുൻകൂട്ടി നിശ്ചയിച്ച ട്രാക്ടർ റാലി അടക്കമുള്ള സമരങ്ങൾ തുടരാനാണ് തീരുമാനം. സമരവുമായി ബന്ധപ്പെട്ട് കർഷകർക്ക് മേൽ ചുമത്തിയ കേസുകൾ പിൻവലിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കർഷകർ സർക്കാരിന് മുന്നിൽവെയ്ക്കും. നിയമങ്ങൾ റദ്ദാക്കാനുള്ള സാങ്കേതിക നടപടികൾ സർക്കാർ ഉടൻ പൂർത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ കേന്ദ്രസർക്കാരുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായി.

നിയമം റദ്ദാക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ സർക്കാർ തയാറാകണം. സമരനാളുകളിൽ കർഷകർക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണം. ഇക്കാര്യത്തിനായി സർക്കാരുമായി തുടർ ചർച്ചകൾക്ക് തയാറാണെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

'രണ്ട് കാര്യങ്ങൾവച്ചാണ് ഞങ്ങൾ സമരം തുടങ്ങിയത്. ഒന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക. രണ്ട് കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില നൽകുക. എന്നാൽ താങ്ങുവിലയുടെ കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. അക്കാര്യത്തിൽ നിയമപരമായ ഉറപ്പു ലഭിക്കണം.'രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോർഡിനേറ്ററും മലയാളിയുമായ കെ.വി.ബിജു പറഞ്ഞു. തങ്ങൾ ഒരുപാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ കേന്ദ്രസർക്കാരിനെ വിശ്വസിക്കുമെന്നും കെ.വി.ബിജു പറഞ്ഞു.

വെള്ളിയാഴ്ചയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. എന്നാൽ വാക്ക് നൽകിയതുകൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കേന്ദ്രസർക്കാർ കർഷക സമരം ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമം ആരംഭിച്ചത്.

കർഷകരുടെ വേദന മനസ്സിലാക്കുന്നെന്ന് പറഞ്ഞ മോദി, കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകുമെന്നും പ്രഖ്യാപിച്ചു. കർഷകരുടെ നഷ്ടങ്ങൾ ഇപ്പോൾ വേഗത്തിൽ ഉന്നയിക്കാൻ സാധിക്കുന്നു. പ്രാദേശിക ചന്തകൾ ശക്തിപ്പെടുത്തി താങ്ങുവില നൽകുന്നു. കർഷകരിലേറെയും രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണ്. പെൻഷൻ പദ്ധതികൾ കർഷകർക്ക് സഹായകമാണ്. കർഷകർക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം 5 തവണ ഉയർത്തി. താങ്ങുവില (എംഎസ്‌പി) വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകൾ ഓൺലൈൻ ആക്കി

ചെറുകിട കർഷകരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്നു, കർഷകർക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സർക്കാരിന്റെ നേട്ടമാണ്. മൈക്രോ ഇറിഗേഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇപ്പോൾ 10,000 കോടി രൂപയാണ്. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ആനുകൂല്യ പദ്ധതികൾക്ക് കീഴിൽ കൊണ്ടുവന്നു. മൂന്ന് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് കാർഷിക മേഖലയെ കൂടുതൽ പരിഷ്‌കരിക്കുന്നതിനാണ്. എന്നാൽ അതു ചിലർക്കു പ്രയാസമുണ്ടാക്കി. അതിനാൽ നിയമം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രക്ഷോഭത്തിൽനിന്നു കർഷകർ പിന്മാറണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.