കോതമംഗലം: തലമുറകളായി കൈമാറിവരുന്ന വിത്ത് വിതച്ച് കുന്നിന്മുകളിൽ മുകളിൽ നൂറുമേനി വിളയിക്കുന്നതിനുള്ള പരിശ്രമം വിജയത്തിലേയ്ക്കടുന്നതിന്റെ സന്തോഷത്തിലാണ് കുട്ടംമ്പുഴ മാമലക്കണ്ടം ഏളംബ്ലാശേരി ആദിവാസിക്കുടിയിലെ രാഘവനും കുടംബവും. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിലെ പിറ്റിഎ കമ്മറ്റിയുടെ സഹകരണത്തോടെ ,സ്‌കൂളിന്റെ ഓരേക്കറോളം സ്ഥലത്ത് ഇവർ ആരംഭിച്ചിട്ടുള്ള കരനെൽ കൃഷിയുടെ ആദ്യവിളവെടുപ്പിന് അവശേഷിക്കുന്നത് കഷ്ടി ഒരുമാസം മാത്രം.

സ്‌കൂളിന് സമീപം കാടുപിടിച്ചുകിടന്ന ഒരേക്കറോളം സ്ഥലം വെട്ടിത്തെളിച്ചാണ് കൃഷിയിറക്കിയിരിക്കുന്നത്. ആദിവാസികൾ ദശാബ്ദങ്ങളായി സൂക്ഷിച്ചുവരുന്ന രക്തചാലി,പെരുവാഴ എന്നീ ഇനം നെല്ലുകളാണ് വിതച്ചിട്ടുള്ളത്. കുന്നിൻപ്രദേശമായി കിടക്കുന്ന സ്‌കൂളിന്റെസ്ഥലത്ത് എന്തെങ്കിലും കൃഷിയിറക്കാൻ സാധിക്കുമോ എന്ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ രാഘവനോട് ചോദിക്കുകയായിരുന്നു.ആദ്യം മടിച്ചെങ്കിലും എല്ലാസഹരണവുമായി ഒപ്പമുണ്ടാവുമെന്ന് പിറ്റിഎ കമ്മറ്റി വെളിപ്പെടുത്തിയതോടെ രാഘവൻ കൃഷിയിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.കാട് വെട്ടി ,നിലം ഒരുക്കി 10 ഇടങ്ങഴി വിത്തുവിതച്ചപ്പോഴേയ്ക്കും 20000 രൂപ ചെലവായെന്നും എല്ലാത്തിനും സഹായവുമായി സ്‌കൂൾ പിറ്റി എ കമ്മറ്റിയംഗം കൂടെയുണ്ടെന്നും രാഘവൻ പറഞ്ഞു.

രക്തചാലിക്ക് മൂന്നുമാസത്തെ മൂപ്പും പെരുവാഴക്ക് 6 മാസത്തെ മൂപ്പുമാണുള്ളത്.ഈ രണ്ട് ഇനം വിത്തുകളും ദശാബ്ദങ്ങളായി ആദിവാസി കുടംബങ്ങൾ സൂക്ഷിച്ചുവരുന്നതാണ്. നെല്ല് വിതച്ചതിനൊപ്പം അരികത്തുകൂടി റാഗിയും വിതച്ചിട്ടുണ്ട്.നെല്ല് കൊയ്യുന്നതിനൊപ്പം ഇതും കൊയ്തെടുക്കും.വിതച്ച ശേഷം ചെടിവളർന്നുതുടങ്ങുന്ന അവസരത്തിൽ കളപറിക്കേണ്ടിവരുമെന്നതൊഴിച്ചാൽ കൃഷിക്ക് വലുതായുള്ള ആയാസമില്ലന്നാണ് രാഘവന്റെ വിലയിരുത്തൽ.

കാട്ട് വെട്ടിക്കൂട്ടിയ ശേഷം കൃഷിയിറക്കാനുള്ള ഭൂമിയിൽത്തന്നെയിട്ട് കത്തിക്കണം.എങ്കിലെ നന്നായി വിളവു ലഭിക്കു.ഇപ്പോൾ കൃഷിയിറക്കിയ സ്ഥലത്തിനടുത്ത് ഈറ്റയോല ഷെഡുകളുണ്ടായിരുന്നതിനാൽ അത് സാധിച്ചില്ല.അങ്ങിനെ ചെയ്തിരുന്നെങ്കിൽ ഒരു ചെറിയ കുടുംബത്തിന് 10 മാസം കഴിയാനുള്ള ആരി ഇത്രയും സ്ഥലത്തെ കൃഷിയിൽ നിന്നും ലഭിക്കുമായിരുന്നു.ഇത്തവണത്തെ കൃഷിയിൽ ഇത് അൽപ്പം കുറയും.രാഘവൻ വ്യക്തമാക്കി.

കാൽ നൂറ്റാണ്ടോളമായി സ്വന്തമായുള്ള രണ്ടേക്കറിലേറെ സ്ഥലത്ത് രാഘവൻ പലവിധ കൃഷികൾ നടത്തിവരുന്നു.പടുതക്കുളത്തിലെ മത്സ്യകൃഷിയുടെ ഇതിൽപ്പെടും.പിരാനയും സിലോപ്പിയുമാണ് പടുതാക്കുളത്തിൽ വളരുന്നത്.ഇപ്പോൾ ഇവയ്ക്ക് 300 മുതൽ 400 ഗ്രാം വരെ തൂക്കമുണ്ട്.പുറമെ വിൽപ്പനയില്ല.മുന്തിരി,ഓറഞ്ച് ,കാട്ടിലെ മുട്ടിപ്പഴം 6 ഇനം പേരകൾ തുടങ്ങി വിവിധയിനം പഴച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.ഇടയ്ക്ക് പന്നിയും ആനയും കൃഷിയിടത്തിലെത്തുന്നതാണ് പ്രധാനവെല്ലുവിളി.വീട്ടിൽ വളർത്തുന്ന നായ്ക്കളാണ് ഒരു പരിധിവരെ രക്ഷകരാവുന്നത്.

വന്യമൃഗങ്ങൾ അടുത്തെത്തിയാൽ ഇവ കുരച്ച് ബഹളമുണ്ടാക്കും.പിന്നെ അടുത്തള്ളവരെല്ലാം കൂട്ടം ചേർന്ന് പാട്ടകൊട്ടിയും തീപ്പന്തം കാട്ടിയുമൊക്കെ ഇവയെത്തുരത്തും.രാഘവൻ പറഞ്ഞു.നേര്യമംഗലം ആറാം മൈലിൽ നിന്നും 10 കിലോമീറ്ററോളം ദൂരത്തിലാണ് എളംബ്ലാശേരി ആദിവാസിക്കുടി സ്ഥിതിചെയ്യുന്നത്.വനത്തിലൂടെയാണ് ഇവിടേയ്ക്കുള്ള പാത കടന്നുപോകുന്നത്.മിക്കപ്പോഴും ഈ പാതയിൽ കാട്ടാനക്കൂട്ടമുണ്ടാവും.ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി യാത്രചെയ്യുന്നത് ഭയാശങ്കകളുടെ നിറവിലാണ്.ആനുടെ ആക്രണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അടുത്തിടെ കൊല്ലപ്പെട്ടിട്ടുണ്ട്.