ഇടുക്കി: നെടുങ്കണ്ടം പാമ്പാടുംപാറയിൽ കട ബാധ്യത മൂലം കർഷകൻ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറ നെല്ലിപ്പാറ മാവോലിൽ സന്തോഷ് ആണ് മരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിൽ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.സംസ്ഥാനത്ത് അടച്ചിടൽ ദിവസങ്ങൾ നീണ്ടതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം കടുത്ത മാനസീക പ്രശ്‌നത്തിലായിരുന്നു. നെടുംകണ്ടത്തെ സഹകരണ ബാങ്കിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായും വാഹനം വാങ്ങുന്നതിനായും സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും അദ്ദേഹം വായ്പകൾ എടുത്തിരുന്നു. ഏതാണ്ട് അഞ്ചര ലക്ഷത്തോളം രൂപയാണ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലുമായി ഇദ്ദേഹത്തിന് വായ്പകൾ ഉണ്ടായിരുന്നതെന്നാണ് വിവരം.

ഏലം കൃഷി ആയിരുന്നു കുടുമ്പത്തിന്റെ ഏക വരുമാനം. ഏലത്തിന് വിലയിടിവ് ഉണ്ടായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ബാങ്കിൽ നിന്നും തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. അതോടൊപ്പം, വാഹന വായ്പയുടെ അടവ് കൂടി മുടങ്ങിയതോടെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇതോടെ സന്തോഷ് കടുത്ത മാനസിക സങ്കർഷത്തിലായിരുന്നെന്ന് ഭാര്യ ഗീത പറഞ്ഞു. വാഹന വായ്പയുടെ മൂന്ന് അടവുകളാണ് കുടിശികയിനത്തിലുള്ളത്. ഉടൻ തിരിച്ചടക്കാമെന്നറിയിച്ചിട്ടും ഇവരുടെ ഭീഷണി തുടർന്നതായി ഗീത പറയുന്നു. സന്തോഷ് മരിച്ച ദിവസവും ഇവർ വീട്ടിൽ എത്തിയിരുന്നെന്നും ഗീത പറഞ്ഞു.

മക്കളുടെ പഠനം, കൃഷി ആവശ്യങ്ങൾക്കായുള്ള ചെലവുകൾ, ദൈനം ദിനചെലവുകളുമെല്ലാം ഏലം കൃഷിയെ മാത്രം ആശ്രയിച്ചാണ് ഈ കുടുംബം നടത്തിയിരുന്നത്. ഏലത്തിന്റെ വിലയിടിവ് കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്തു. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള നിരന്തര ഭീഷണിയെ തുടർന്ന് കടുത്ത മാനസിക സങ്കർഷത്തിലായിരുന്നു സന്തോഷ്.ഏത് നിമിഷവും വീണുപോകാവുന്ന അവസ്ഥയിലുള്ള വീട്ടിലാണ് കുടുംബം കഴിയുന്നത്. രണ്ട് ഏക്കർ ഭൂമി ഉള്ളതിനാൽ ലൈഫ് പദ്ധതിയിൽ വഴി ഇവർക്ക് വീട് ലഭ്യമാകില്ല. കൃഷിയുടെ വരുമാനത്തിൽ നിന്നും നല്ലൊരു വീട് നിർമ്മിക്കാമെന്ന പ്രതീക്ഷയിൽ അടിത്തറ ഒരുക്കിയിട്ടിട്ട് വർഷങ്ങളായി. ഇതും പാതിവഴിയിൽ നിലച്ചു.

കടക്കെണി മൂലമാണ് ജീവൻ അവസാനിപ്പിക്കുന്നതെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദികളെല്ലെന്നും അദ്ദേഹം എഴുതിവച്ച ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മൃതദേഹം വിട്ടുവളപ്പിൽ സംസ്‌കരിച്ചു. നെടുങ്കണ്ടം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.