ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് ഒന്നു മുതൽ പാൽ ഒരു ലിറ്ററിന് നൂറുരുപയാക്കി ഉയർത്തുമെന്ന് കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ തുടർന്നാണ് സംയുക്ത കിസാൻ മോർച്ച ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഗതാഗത ചെലവ് കുത്തനെ ഉയർന്നു. കൂടാതെ മൃഗങ്ങൾക്കുള്ള തീറ്റ, മറ്റു ചെലവ് തുടങ്ങിയവയും വർധിച്ചു. ഇതാണ് പാൽവില ഉയർത്താൻ തീരുമാനിച്ചതെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു.

നിലവിൽ ലിറ്ററിന് 50 രൂപക്കാണ് പാൽ വിൽക്കുന്നത്. മാർച്ച് ഒന്നുമുതൽ ഇരട്ടിവിലയാക്കും. കർഷകർ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായും ഭാരതീയ കിസാൻ യൂനിയൻ ജില്ല തലവൻ മാൽകിത് സിങ് പറഞ്ഞു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനം. പാലിന്റെ വില വർധിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന് അറിയാം. എന്നാൽ തീരുമാനത്തിൽനിന്ന് കർഷകർ പിന്നോട്ട് പോകില്ല. വില ഇരട്ടിയാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുടെ തീരുമാനത്തെ എതിർക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കിൽ വരും ദിവസങ്ങളിൽ പച്ചക്കറി വില ഉയർത്തുമെന്നും സമാധാനപരമായി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കർഷക നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും വൻ റാലികൾ സംഘടിപ്പിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.

അതേസമയം കർഷക സംഘടനകളുടെ തീരുമാനത്തെ സമൂഹമാധ്യമങ്ങൾ സ്വാഗതം ചെയ്തു. ഇതോടെ 'ഫസ്റ്റ് മാർച്ച് സെ ദൂത് 100 ലിറ്റർ' (മാർച്ച് ഒന്നുമുതൽ പാലിന് 100 രൂപ) ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. കേന്ദ്ര സർക്കാറിനെ നേരിടുന്നതിന് കർഷകരുടെ മികച്ച നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു പ്രതികരണം.