ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയ കർഷകർ വാഹനാപകടത്തിൽ മരിച്ചു. അജ്ഞാത വാഹനം ഇടിച്ച് കർഷകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ മറിഞ്ഞാണ് അപകടം. പഞ്ചാബ് പാട്യാല ജില്ലയിലെ സഫേര ഗ്രാമവാസികളായ ഗുർപ്രീത് സിങ് (24), ലാബ് സിങ് (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു കർഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയാനയിലെ കർണാർ ജില്ലയിലൂടെ കടന്നുപോകുന്ന ഡൽഹി -ഛണ്ഡീഗഡ് ദേശീയപാതയിലായിരുന്നു അപകടം.

പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്ന് ട്രാക്ടർ മറിയുകയായിരുന്നു. ഗുർപ്രീത് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ലാബ് സിങ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയതായും അജ്ഞാത വാഹനത്തിലെ ഡ്രൈവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.