ന്യൂഡൽഹി: കാർഷികനിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങി കർഷകസംഘടനകൾ. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാൻ മഹാപഞ്ചായത്ത് നടത്തും.

കർഷകസമരം ഒൻപത് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാൻ മോർച്ച അഖിലേന്ത്യാ കൺവൻഷൻ വിളിച്ചത്. പാർലമെന്റിലേക്ക് അടക്കം മാർച്ച് സംഘടിപ്പിച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതിൽ സർക്കാരിൽ നിന്നും യതൊരു നീക്കം ഇതുവരെയില്ല. ഈ സാഹചര്യത്തിൽ തുടർസമരപരിപാടികൾ ശക്തമാക്കണം, ഡൽഹി അതിർത്തികളിൽ സമരം തുടരുമ്പോഴും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാകും അഖിലേന്ത്യാ കൺവൻഷനിലെ പ്രധാന അജണ്ട. കൺവെൻഷനിലേക്ക് തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.

അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷകസംഘടനകൾ നടത്തുന്ന മിഷൻ യുപിയുടെ ഭാഗമായിട്ടാണ് മഹാപഞ്ചായത്ത് നടത്തുന്നത്. മുസഫർനഗറിൽ സെപ്റ്റംബർ അഞ്ചിന് നടത്തുന്ന മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായ്ത്ത്, ദർശൻപാൽ അടക്കം കർഷകനേതാക്കൾ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് കർഷകസംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.