ന്യൂഡൽഹി: ഡൽഹിയെ വിറപ്പിച്ച് കോവിഡ് സംഹാര താണ്ഡവം തുടരുമ്പോഴും ലക്ഷ്യത്തിൽ നിന്ന് പിന്മാറാതെ കർഷക സമരത്തിലെ കർഷകർ.തങ്ങളുടെ ജീവൻ പോയാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന് ആദ്യമെ പ്രഖ്യാപിച്ച കർഷകർ ഇപ്പോൾ അതേപാതയിലാണ്.കോവിഡ് വാക്‌സിൻ സ്വീകരിച്ചും രോഗപ്രതിരോധ ശക്തി വർധിപ്പിച്ചുമാണ് ഒരേസമയം കോവിഡഡിനോടും കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങളോടും ഇവർ സമരം ചെയ്യുന്നത്.

കൃഷിനിയമങ്ങൾക്കെതിരെ ആറുമാസമായി സമരരംഗത്തുള്ള അവർ 'ദേസി കാധ'യും (സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും ചേർത്ത പാനീയം) ലെമണേഡും അടക്കമുള്ള പാനീയങ്ങൾ കുടിച്ചും മൾട്ടി വൈറ്റമിൻ സിങ്ക് ഗുളികൾ കഴിച്ചും പ്രതിരോധ ശേഷി വർധിപ്പിച്ചുമാണ് സമരം തുടരുന്നത്.

കോവിഡ് പടർന്നു പിടിക്കുന്നതും രാജ്യത്തു മരണങ്ങൾ കൂടുന്നതും അവർ അറിയുന്നുണ്ട്. പക്ഷേ 3 കൃഷി നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് സമരക്കാർ. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സിംഘു, തിക്രി, ഗസ്സിപ്പുർ അതിർത്തികളിൽ തുടരുകയാണ്. കോവിഡ് ബാധിതരായ ചിലരെ സ്ഥലത്തുനിന്നു മാറ്റുന്നുമുണ്ട്.

പലരും പഞ്ചാബിൽ നിന്നു വാക്‌സീനെടുത്താണ് എത്തിയിട്ടുള്ളത്. തിക്രിയിലും ഗസ്സിപ്പുരിലും വാക്‌സിനേഷൻ കേന്ദ്രം വേണമെന്നു കർഷകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല.ഇതിനുപുറമെ സിംഘു അതിർത്തിക്കടുത്തു വാക്‌സിനേഷൻ കേന്ദ്രമുണ്ട്.

കൃത്യമായ പ്ലാനിങ്ങോടെയാണ് കർഷകർ സമരം തുടരുന്നത്. ഗസ്സിപ്പുരിൽ ഒരു ടെന്റിൽ 3 കർഷകരിൽ കൂടുതൽ ഇപ്പോൾ കഴിയുന്നില്ല. സാമൂഹിക അകലം പാലിക്കാൻ 500 കട്ടിലുകൾ ഭാരതീയ കിസാൻ യൂണിയൻ എത്തിച്ചിട്ടുണ്ട്.കാധയും ഇഞ്ചി ചേർത്ത നാരങ്ങാനീരും മൂന്നോ നാലോ നേരം എല്ലാവർക്കും കൊടുക്കുന്നുണ്ടെന്നു ബികെയു മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ധർമേന്ദ്ര മാലിക്ക് പറഞ്ഞു. ഓക്‌സിജൻ വിതരണത്തിനും സൗകര്യമുണ്ട്.

കർഷക നേതാവ് രാകേഷ് ടിക്കായത്ത് വാക്‌സീന്റെ ആദ്യ ഡോസ് എടുത്തു. അദ്ദേഹം മുഴുവൻ സമയം ഗസ്സിപ്പുരിലുണ്ട്. അതേസമയം കർഷക സമരത്തെ തകർക്കാൻ തന്നെയാണ് കേന്ദ്രം ഇപ്പോഴും ശ്രമിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.ഏറ്റവും അവസാനം കേന്ദ്ര സർക്കാർ ഞങ്ങളോട് സംസാരിച്ചത് ഇക്കഴിഞ്ഞ ജനുവരി 22 നാണ്. അതിന് ശേഷം കേന്ദ്ര സർക്കാരിൻെ ഭാഗത്ത് നിന്ന് ഒരു നീക്കവുമുണ്ടായിട്ടില്ല. ഒരു ടെലിഫോൺ വിളിക്കപ്പുറത്ത് ഞങ്ങളുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, അങ്ങിനെയൊരു ടെലിഫോൺ വിളി വന്നതേയില്ല.

ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞത്. പക്ഷേ, ക്ഷണമില്ലാതെ എങ്ങിനെയാണ് ചർച്ച നടക്കുക. സാധാരണഗതിയിൽ സമരക്കാരല്ല സർക്കാരാണ് ചർച്ചയ്ക്ക് ക്ഷണിക്കേണ്ടത്. അവർ വിചാരിക്കുന്നത് സമരം താനെ കെട്ടടങ്ങുമെന്നായിരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം അവസാനിച്ചതുപോലെ ഈ സമരവും തീരുമെന്നാവാം സർക്കാർ കണക്ക് കൂട്ടുന്നത്. കുറച്ചു ദിവസം മുമ്പ് കൃഷി മന്ത്രി പറഞ്ഞതുകൊറോണ വ്യാപിക്കുന്നതുകൊണ്ട് കർഷകർ സമരം നിർത്തണമെന്നാണ്. ഈ പ്രശ്‌നം പരിഹരിക്കാനല്ല എങ്ങിനെയെങ്കിലും സമരം തകർക്കാനാണ് സർക്കാർ നോക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.