ന്യൂഡൽഹി: ജന്തർമന്ദിറിൽ പ്രതിഷേധം നടത്താൻ കർഷകർക്ക് അനുമതി നൽകി ഡൽഹി സർക്കാർ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിക്കുന്ന ദിവസം വരെ കർഷക പാർലമെന്റ് നടക്കും. വൈകീട്ട് അഞ്ച് മണിയോടെ കർഷകർ പിരിഞ്ഞു പോകുന്ന രീതിയിൽ പരിപാടി നടത്താനാണ് അനുമതി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ കർഷക പാർലമെന്റ് സംഘടിപ്പിക്കുക. കർഷകരുടെ പ്രതിഷേധത്തിന് പൊലീസും അനുവാദം നൽകിയിരുന്നു. ജനുവരി 26-ന് സംഭവിച്ചതുപോലെ പ്രതിഷേധങ്ങൾ കൈവിട്ടുപോകാതിരിക്കാനായി പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കും.

ഡൽഹി പൊലീസിനേയും കേന്ദ്ര സേനയേയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഡൽഹി സർക്കാർ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി സിങ്കു ബോർഡറിൽ നിന്നും 200 അംഗങ്ങളെ ഉൾപ്പെടുത്തി എല്ലാ ദിവസവും പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘങ്ങളുടെ തീരുമാനം. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് സംരക്ഷണയിലായിരിക്കും മാർച്ച് നടത്തുക.

നാളെ സംയുക്ത കിസാൻ മോർച്ചയുടെ ആസ്ഥാനത്ത് നിന്നും നാല് ബസ്സുകളിലായാണ് കർഷകർ പാർലമെന്റിലേക്ക് പോവുക. കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയൽ രേഖകൾ നൽകുമെന്നും പൊലീസ് തടഞ്ഞാൽ സ്വയം അറസ്റ്റ് വരിക്കുമെന്നും കർഷകർ പറഞ്ഞു.

കർഷകരുടെ രണ്ട് സംഘം കേരളത്തിൽ നിന്നും സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കർണാടക തമിഴ്‌നാട് ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലെത്തുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.