കൊച്ചി: കർഷക പ്രക്ഷോഭം നടക്കുന്നത് ഡൽഹിയിലാണെങ്കിലും അത് ആ​ഗോള തലത്തിൽ തീർക്കുന്ന അലയൊലികളെ കുറിച്ച് തീർത്തും ബോധവാനാണ് മലയാളികളുടെ ലാലേട്ടൻ എന്ന് തെളിയിക്കുന്നതായിരുന്നു മോഹൻലാലിന്റെ ഇന്നത്തെ പ്രതികരണം. പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാതെ താരം ഒഴിഞ്ഞ് മാറുകയായിരുന്നു. അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

അത് സംബന്ധിച്ച് അടുത്ത അവസരത്തിൽ പറയാമെന്നും താരം പറഞ്ഞു. താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന് ശേഷമാണ് മാധ്യമപ്രവർത്തകർ കർഷക പ്രക്ഷോഭം സംബന്ധിച്ച് അമ്മ പ്രസിഡന്റു കൂടിയായ മോഹൻലാലിന്റെ അഭിപ്രായം തേടിയത്.

കർഷക പ്രക്ഷോഭത്തിൽ വിദേശ സെലിബ്രിറ്റികൾ പ്രതികരിക്കേണ്ടതില്ലെന്ന് കാണിച്ച് അക്ഷയ് കുമാർ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരേ തപ്‌സീ പന്നുവും സലിം കുമാറും ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. ഇതോടെ കർഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ട്വിറ്റർ ക്യാമ്പയിൻ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി.

ക്രിക്കറ്റ് ദൈവമെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സച്ചിൻ തെൻഡുൽക്കർക്ക് പോലും കർഷക പ്രക്ഷോഭത്തിനൊപ്പം നിൽക്കാത്തതിന്റെ പേരിൽ വലിയ വിമർശനമാണ് കേരളത്തിൽ നിന്നും ഉയർന്നത്. കേന്ദ്രസർക്കാരിനെ പിന്തുണച്ച് ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെൻസ്റ്റ് പ്രൊപ്പഗൻഡ ഹാഷ്ടാഗുകളിൽ ട്വീറ്റുകൾ പങ്കുവച്ച താരങ്ങളിൽ ഏറെ വിമർശനത്തിന് വിധേയനായത് സച്ചിൻ തെൻഡുൽക്കർ ആണ്. സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മരിയ ഷറപ്പോവയെ ട്രോളിയവർ ഇപ്പോൾ ഷറപ്പോവയോട് ക്ഷമചോദിച്ചിരിക്കുകയാണ്. ഷറപോവയെ കേരളത്തിലേക്കു ക്ഷണിച്ചിട്ടുമുണ്ട്. ഷറപ്പോവ അന്ന് പറഞ്ഞത് സത്യമായിരുന്നു എന്നാണ് അന്ന് ടെന്നിസ് താരത്തെ ട്രോളിയവർ ഇപ്പോൾ പറയുന്നത്. ഇതെല്ലാം കണ്ട മോഹൻലാൽ വെറുതെ വിവാദങ്ങളിൽ പെടേണ്ടെന്ന് കരുതി തന്നെയാണ് ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറിയത്.

കർഷക പ്രക്ഷോഭത്തെ പിന്തുണച്ചാലും എതിർത്താലും രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാകേണ്ടിവരുമെന്ന് മോഹൻലാലിന് നന്നായറിയാം. പ്രക്ഷോഭത്തെ പിന്തുണച്ചാൽ സംഘപരിവാർ ​പ്രവർത്തകരുടെ അപ്രീതിക്ക് പാത്രമാകും. അതേസമയം, എതിർത്താൽ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഇടത്- കോൺ​ഗ്രസ് അനുഭാവികൾ എതിർപ്പുമായി രം​ഗത്തെത്തും. ഇത് ഒഴിവാക്കാനായി താരം ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. നേരത്തേ, നോട്ട് നിരോധനത്തെ ഉൾപ്പെടെ പിന്തുണച്ച് മോഹൻലാൽ ബ്ലോഗെഴുതിയിരുന്നു.