ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. നേരത്തെ നടത്തിയ മഹാപഞ്ചായത്തുകൾക്ക് സമാനമായി ഗ്രാമങ്ങൾ തോറും പ്രചാരണം നടത്താനാണ് തീരുമാനം. നിയമങ്ങൾ പിൻവലിക്കാതെ ഉത്തർപ്രദേശിൽ തെരഞ്ഞടുപ്പ് നേരിടാനാണ് തീരുമാനമെങ്കിൽ വലിയ നഷ്ടം ബിജെപിക്കുണ്ടാകുമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പൽ ബിജെപിക്കെതിരെ കർഷകർ പ്രചാരണം നടത്തിയിരുന്നു. കേരളത്തിൽ നേമത്ത് പ്രചാരണത്തിന് കർഷകനേതാക്കൾ എത്തി. പശ്ചിമബംഗാളിൽ മഹാപഞ്ചായത്തുകൾ വിളിച്ചുകൂട്ടിയായിരുന്നു പ്രചാരണം. ബിജെപിക്ക് നാല് സംസ്ഥാനങ്ങളിലേറ്റ തിരിച്ചടി കർഷകസമരത്തിന്റെ കൂടി വിജയമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിനായി കർഷകസംഘടനകൾ കച്ചമുറുക്കുന്നത്.

പഞ്ചാബ് കഴിഞ്ഞാൽ കാർഷിക നിയമങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. പശ്ചിമ യുപിയിലെ ജാട്ട് സമുദായത്തിന്റെ പിന്തുണയും സമരത്തിനുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. ബിജെപി വിരുദ്ധ പ്രചാരണത്തിന് മുൻപന്തിയിലുണ്ടാകുമെന്നും കർഷകനേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നൽകുന്നു.

കരിദിനാചരണത്തിന് ശേഷമുള്ള ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഈ ആഴ്‌ച്ച യോഗം ചേരും. ഇന്ന് നടന്ന മൻകി ബാത്തിലും താങ്ങുവില കർഷകർക്ക് നല്കിയ കാര്യം പ്രധാനമന്ത്രി പരാമർശിച്ചത് സമരം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ്.