കണ്ണൂർ: വിമാനത്തിൽ വെച്ചു മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തങ്ങളെ അക്രമിച്ച എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കാത്ത നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് പ്രസി. ഫർസീൻ മജീദ് പറഞ്ഞു. മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതാണ് കേരളത്തിനകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിമാനത്തിനകത്ത് വെച്ച് ഇ.പി ജയരാജനും പി. എയും ഗൺമാനും തള്ളുന്നത് കേരളമാകെ കണ്ടതാണ്. തങ്ങൾക്കുണ്ടായ ഗുരുതരമായ പരുക്ക് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ 24ന് ജയിലിൽ നിന്നിറങ്ങിയപ്പോൾ വലിയതുറ സി. ഐക്ക് പരാതി നൽകിയിട്ടുണ്ട്.

ഇതിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം കമ്മിഷണർക്ക് കഴിഞ്ഞ ദിവസം എന്റെ മെയിലിലാണ് പരാതി അയച്ചിട്ടുള്ളത്. ഞങ്ങളെ തല്ലുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിട്ടും എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊതുസമൂഹവും അറിയണം. ഒരു പൗരന് നീതി നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടവും മുഖ്യമന്ത്രിയും തന്നെ ഞങ്ങൾ ജയരാജനെതിരെ കേസെടുക്കില്ലെന്ന് പറയുമ്പോൾ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് നിയമസഭയിൽ തന്നെ പച്ചക്കളവ് ആവർത്തിക്കുമ്പോൾ ഈ നാട്ടിലെ സാധാരണക്കാരന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോയെന്നും ഫർസീൻ മജീദ് ചോദിച്ചു.