തഞ്ചാവൂർ: കുരങ്ങന്മാർ തട്ടിയെടുത്ത ഇരട്ടക്കുട്ടികളിലൊന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എട്ട് ദിവസം പ്രായമായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു കുട്ടിയെ മേൽക്കൂരയിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.

ഭാര്യ ഭുവനേശ്വരി വിശ്രമിച്ച വേളയിൽ കുരങ്ങന്മാർ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടികളുടെ പിതാവ് രാജ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാര്യ തിരിച്ചെത്തിയപ്പോൾ കുട്ടികളെ കാണാനില്ല. അയൽക്കാരെ അറിയിച്ചതിന് ശേഷം നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയെ മേൽക്കൂരയിൽനിന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു കുട്ടിയെ വീടിന് സമീപത്തെ കിടങ്ങിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതി രജിസ്റ്റർ ചെയ്‌തെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.