തിരുവനന്തപുരം: അച്ഛൻ മക്കൾ സ്‌നേഹബന്ധം ചിലപ്പോഴൊക്കെ വിസ്മയപിക്കുന്ന കഥകളായും മാറാറുണ്ട്.സ്വന്തം ജീവൻപോലും പണയപ്പെടുത്തി അവർ പരസ്പരം താങ്ങും തണലും ആകാറുണ്ട്. അത്തരത്തിൽ ഒരു അച്ഛന്റെയയും മകളുടെയും കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവൃക്കകളും തകരാറിലായ അച്ഛന് സ്വന്തം വൃക്ക നൽകാൻ തയ്യാറായ പെൺകുട്ടിയുടെ കഥ. അച്ഛനെ ജീവനു തുല്യം സ്‌നേഹിക്കുന്ന തനിക്ക് അങ്ങനെ ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും പെൺകുട്ടി പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പെൺകുട്ടി ഹൃദയഹാരിയായ കുറിപ്പ് പങ്കുവയ്ക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഞാൻ എപ്പോഴും അച്ഛന്റെ കുട്ടിയായിരുന്നു. ഞങ്ങളായിരുന്നു ഒരു ടീം. യാത്രകളിലും അടുക്കളയിലും എല്ലാം അച്ഛനായിരുന്നു എന്റെ പങ്കാളി. വാരാന്ത്യത്തിൽ അടുക്കള ഞങ്ങളുടെ പരീക്ഷണശാലയാണ്. പുതിയ പാചക പരീക്ഷണങ്ങൾ നടത്തും. ഒരു അച്ഛൻ എന്നതിലുപരി അദ്ദേഹമാണ് എന്റെ അടുത്ത സുഹൃത്ത്.

പപ്പ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഭയന്നു. അസുഖത്തെ കുറിച്ച് എനിക്ക് കൂടുതൽ ആശങ്കയായി. എന്നാൽ ഭാഗ്യവശാൽ അദ്ദേഹം മൂന്നാഴ്ചയ്ക്കകം തന്നെ കോവിഡ് മുക്തനായി. പക്ഷേ, പിന്നീടും അദ്ദേഹത്തിനു വലിയ ക്ഷീണം അനുഭവപ്പെട്ടു. കോവിഡാനന്തര പ്രശ്‌നങ്ങളായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ദിനം പ്രതി അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത് പപ്പയുടെ ഇരു വൃക്കകളും തകരാറിലാണ്. എത്രയും പെട്ടന്ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. ഈ വിവരം ഡോക്ടർ പറഞ്ഞതോടെ ഞാൻ ആകെ തകർന്നു പോയി. വളരെ പെട്ടന്നു തന്നെ ഉചിതമായ തീരുമാനം എടുക്കണമെന്നും ഡോക്ടർ അറിയിച്ചു. രണ്ടാമതൊന്ന് ആലോചിച്ചില്ല. പപ്പയ്ക്ക് വൃക്ക നൽകാൻ ഞാൻ തയ്യാറാണെന്ന് ഡോക്ടറെ അറിയിച്ചു.

ഇത് കേട്ടതും അച്ഛൻ നിറകണ്ണുകളോടെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. 'നീ എന്താണീ പറയുന്നത്? എന്റെ ജീവൻ നിലനിർത്താൻ നിന്റെ വൃക്ക കളയരുത്. എനിക്കുവേണ്ടി നീ വേദനിക്കരുത്. നിനക്ക് എന്തെങ്കിലും സംഭവിച്ചാലോ?' എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് എനിക്കറിയാം. പക്ഷേ, അത് എന്റെ പപ്പയാണ്. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തേണ്ടത് എന്റെ കടമയാണ്. എല്ലാം ശരിയാകുമെന്ന് ഞാൻ പപ്പയ്ക്ക് മറുപടി നൽകി. പപ്പയ്ക്ക് ഏറ്റവും അനുയോജ്യം എന്റെ വൃക്കയാണെന്നു പരിശോധനയിൽ വ്യക്തമായി. എനിക്കും പപ്പയ്ക്കും ഒരേസമയും സന്തോഷവും സങ്കടവും തോന്നി. ശസ്ത്രക്രിയയ്ക്കു മുൻപുള്ള മൂന്നുമാസം ഞങ്ങൾ ആരോഗ്യകരമായ ജീവിത ശൈലിയാണ് പിന്തുടർന്നത്. ദിവസേന വ്യായാമം ചെയ്തു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. ഞങ്ങളുടെ രീതി കാണുമ്പോൾ അമ്മ പറഞ്ഞിരുന്നത് ഈ അച്ഛനും മകളുമാണ് യഥാർഥ ജോഡികൾ എന്നായിരുന്നു. ഇപ്പോൾ വീണ്ടും ഞങ്ങൾ ആരോഗ്യകരമായ ഭക്ഷണ പരീക്ഷണങ്ങൾ അടുക്കളയിൽ നടത്തുകയാണ്.

മൂന്നുമാസം വളരെ വേഗത്തിൽ കടന്നു പോയി. എനിക്കു വേണ്ടി നീ എന്തിനാണ് ഇത്രയും റിസ്‌കെടുക്കുന്നത് എന്നായിരുന്നു ശസ്ത്രക്രിയക്കു മുൻപ് എന്നോടുള്ള പപ്പയുടെ ചോദ്യം. ഇതു കേട്ടപ്പോൾ ഞാൻ പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. എല്ലാം ശരിയാകും പപ്പാ. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മണിക്കൂറുകൾക്കു ശേഷമാണ് എനിക്ക് ബോധം വന്നത്. ഡോക്ടറോട് ആദ്യം ചോദിച്ചത് പപ്പയെ കുറിച്ചായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. 'നീ നിന്റെ അച്ഛന്റെ ജീവൻ നിലനിർത്തി.' സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. എന്നാൽ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത വിധം ക്ഷീണിതരായിരുന്നു ഞങ്ങൾ.രണ്ടു ദിവസം വിഡിയോ കോളിലൂടെയാണ് ഞങ്ങൾ പരസ്പരം സംസാരിച്ചത്. നേരിൽ കണ്ടപ്പോൾ രണ്ടുപേരും കെട്ടിപ്പിടിച്ച് കരഞ്ഞു. എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പപ്പ പറഞ്ഞു. 'എന്റെ ജീവൻ നിനക്കുള്ളതാണ്. നന്ദി മോളെ'.

ഇപ്പോൾ ഞങ്ങളുടെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് സുഖം പ്രാപിച്ചു. ഈസംഭവം ഞങ്ങളെ പരസ്പരം കൂടുതൽ അടുപ്പിച്ചു. യാത്രകൾ പുനരാരംഭിക്കാൻ ഞങ്ങൾ ഇപ്പോൾ ഡോക്ടറുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ്.'