മലപ്പുറം: എട്ടുമാസം ഗർഭിണിയായ ഭാര്യയോട് വഴക്കിട്ട് പെൺമക്കളുടെ മുറിയിൽ കിടന്നുറങ്ങി 15കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് നാല് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചതിന് പിന്നാലെ പതിനേഴുവയസ്സുകാരിയായ മറ്റൊരു സ്വന്തംമകളെ പീഡിപ്പച്ചതിന് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും വിധിച്ച് മഞ്ചേരി പോക്‌സോ അതിവേഗ കോടതി.

വിവിധ വകുപ്പുകളിലായാണ് പ്രതിയായ നിലമ്പൂർ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസ അദ്ധ്യാപകനെ കോടതി ശിക്ഷിച്ചത്. 15കാരിയായ മകളെ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ 13ന് ഇതേ കോടതി പ്രതിയെ നാല് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. 2014 നും 2016 നും ഇടയിൽ വിവിധ ദിവസങ്ങളിലായാണ് പീഡനം. എട്ടുമാസം ഗർഭിണിയായ ഭാര്യയോട് വഴക്കിട്ട് പെൺമക്കളുടെ മുറിയിൽ കിടന്നുറങ്ങിയാണ് പീഡനം ആരംഭിച്ചത്. വിവാഹിതയടക്കം എട്ടു മക്കളുടെ പിതാവാണ് പ്രതി.

പീഡനത്തിനിരയായ പെൺകുട്ടികൾ മാതാവിനോട് വിവരം പറഞ്ഞതോടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. 2016 മാർച്ച് 12ന് പോത്തുകൽ പൊലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയായിരുന്നു. മാർച്ച് 13ന് പ്രതിയെ നിലമ്പൂർ സി ഐ അറസ്റ്റ് ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാൽ പെൺകുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മക്കളെ ബലാൽസംഗം ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ പ്രതി മർദ്ദിച്ചു പരിക്കേൽപ്പിച്ചതിന് മറ്റൊരു കേസ് നിലമ്പൂർ കോടതിയിൽ നിലവിലുണ്ട്.

കുട്ടിയെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടയാള തന്നെ മകളെ നിർദാക്ഷണ്യം പീഡിപ്പിച്ചതിനാൽ പിതാവ് കോടതിയുടെ ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി പി ടി പ്രകാശൻ നിരീക്ഷിച്ചു. ഇത്തരം കടുത്ത കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത ശിക്ഷ തന്നെ വേണമെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി.

ഇന്ത്യൻ ശിക്ഷാ നിയമം 376 (5 എൽ), 376 (5 എൻ) എന്നീ ഒരോ വകുപ്പുകളിലും ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ വീതം പിഴയാണ് ശിക്ഷ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വർഷത്തെ കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം രണ്ടു വർഷം വീതം തടവ് അനുഭവിക്കണം. പിഴയടക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടി നൽകാനും കോടതി നിർദ്ദേശിച്ചു.

എടക്കര പൊലീസ് ഇൻസ്‌പെക്ടർമാരായ ടി സജീവൻ, കെ സി സേതു, പോത്തുകല്ല് എസ് ഐ കെ ടി ദിജേഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 17 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 12 രേഖകളും ഹാജരാക്കി.