കോഴിക്കോട്: ഫുഡ് സ്ട്രീറ്റ് പരിപാടിയിൽ ഡിവൈഎഫ്‌ഐയെ ട്രോളി ഫാത്തിമ തഹ്ലിയ. ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിന് അഭിവാദ്യങ്ങൾ നേർന്ന ബിജെപി നേതാവ് ശങ്കു ടി. ദാസിന്റെ പോസ്റ്റുകൂടി പങ്കുവച്ചാണ് ഡിവൈഎഫ്ഐയെ ഫാത്തിമ പരിഹസിച്ചത്.

'ഡിവൈഎഫ്ഐ മിത്രങ്ങൾക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം' എന്ന് ഫാത്തിമ കുറിച്ചു.

ഹലാൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാർഹവുമാണ് എന്നാണ് ബിജെപി നേതാവായ ശങ്കു ടി. ദാസ് ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നത്.

''നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തിൽ മതം കലർത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ പോർക്ക് വിഭവങ്ങൾ ഉൾപ്പെടുത്തി നോൺ ഹലാൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാർഹവുമാണ്. ബജരംഗ് ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങൾ'' ശങ്കു ടി. ദാസ് അഭിനന്ദന കുറിപ്പിൽ പറയുന്നു.

ഭക്ഷണത്തിൽ മതം കലർത്തിയുള്ള സംഘപരിവാർ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 'ഫുഡ് സ്ട്രീറ്റ് ' സംഘടിപ്പിച്ചത്.