മുംബൈ: ലൈവായി ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെടുത്തി ഫേസ്‌ബുക്കിന്റെ അയർലൻഡ് ഓഫീസ്. മുംബൈ സ്വദേശിയായ 23കാരനാണ് ഞായറാഴ്ച രാത്രി ജീവനൊടുക്കാൻ ശ്രമിച്ചത്. ഫേസ്‌ബുക്കിൽ ലൈവിട്ടായിരുന്നു യുവാവിന്റെ സാഹസം. മുംബൈയിലെ ധുലെയിലാണ് സംഭവം.

ബ്ലെയ്ഡുപയോഗിച്ച് കഴുത്ത് മുറിച്ച് മരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇക്കാര്യം ശ്രദ്ധയിപ്പെട്ട ഉടനെ അയർലൻഡിലെ ഫേസ്‌ബുക്ക് ഓഫീസിൽ നിന്നുള്ള സന്ദേശം മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാത്രി 8.10ഓടെ മുംബൈ പൊലീസിലെ സൈബർ ഡിസിപി രശ്മി കരൺദികറിനാണ് അയർലൻഡിലെ ഫേസ്‌ബുക്ക് ഓഫീസിൽ നിന്ന് വിളിയെത്തിയത്. മുംബൈയിൽ യുവാവ് ഫേസ്‌ബുക്ക് ലൈവിട്ട് ആത്ഹത്യയ്ക്ക് ശ്രമിക്കുന്നതായാണ് അവർ വിവരം നൽകിയത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും ഫേസ്‌ബുക്ക് അധികൃതർ കൈമാറി.

പിന്നാലെ സൈബർ പൊലീസ് സംഘം യുവാവിന്റെ സ്ഥലം ട്രാക്ക് ചെയ്യുകയും 20 മിനിറ്റിനുള്ളിൽ സ്ഥലത്ത് കുതിച്ചെത്തുകയുമായിരുന്നു. അപ്പോഴേക്കും യുവാവ് കഴുത്ത് മുറിച്ചിരുന്നു. ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.