സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സൈബർ ഇടങ്ങളിൽ കോൺ​ഗ്രസ് പ്രവർത്തരും അനുഭാവികളും രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളുമായി എത്തി. മുസ്ലിം ലീ​ഗുകാരും ബിജെപി പ്രവർത്തകരും സിപിഎമ്മിനെയും സൈബർ സഖാക്കളെയും പരിഹസിച്ച് സജീവമാകുമ്പോൾ പ്രതിരോധം തീർക്കാൻ പോലും ആകാതെ നിസ്സഹായരാണ് സിപിഎം അണികൾ. ബിനീഷ് കോടിയേരി സിപിഎം അല്ലെന്ന പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖ് അതിനെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

‘ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സ്‌സിറ്റി യൂണിയൻ കലോൽസവത്തിലെ ‘നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിൽ നിന്നാണു. പുതിയ നാടകം ‘കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ'. സിപിഎം പതാക വടിയിൽ കെട്ടുന്ന ചിത്രം പങ്കുവച്ച് ടി.സിദ്ദിഖ് പരിഹസിച്ചു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചിരുന്നു. പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന്റെ ധാർമിക ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലെന്നും എ വിജയരാഘവൻ പ്രതികരിച്ചു. ബിനീഷ് സിപിഎം നേതാവല്ല. മകൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയിൽ കോടിയേരിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ടെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രീയ വിഷയമല്ല. പ്രതിപക്ഷം രാഷ്ട്രീയ താത്‌പര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുതെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല. അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുകയാണെങ്കിൽ അതിനെക്കുറിച്ച് അപ്പോൾ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത തെറ്റിന് മകൻ തന്നെ ശിക്ഷ അനുഭവിക്കും. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നേരത്തെ വ്യക്തമാക്കിയതാണെന്നും എൽഡിഎഫ് കൺവീനർ ആവർത്തിച്ചു.

മകന്റെ തെറ്റായ ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം അച്ഛനിൽ കെട്ടിവെക്കുന്ന നീതി ബോധം പ്രതിപക്ഷം ബോധപൂർവം ഉണ്ടാക്കുന്ന രാഷ്ട്രീയമാണ്. അതംഗീകരിക്കാൻ കഴിയില്ല. ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല. കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടറി. ബിനീഷിന് ഒരു പിശക് പറ്റിയാൽ തങ്ങളുടെ പിശകല്ല. കോടിയേരിക്ക് പിശക് വന്നാൽ തങ്ങളുടെ പിശകാണെന്നും വിജയരാഘവൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കരന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ സിപിഎമ്മിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ ബെം​ഗളുരു സ്വർണക്കടത്ത് കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21നാണ് ബിനീഷ് കോടിയേരിയുടെ ഉറ്റസുഹൃത്തായ അനൂപ് മുഹമ്മദും സംഘവും ബെംഗളൂരുവിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായത്. പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി അനിഘ എന്നിവർക്കൊപ്പമാണ് കൊച്ചി വൈറ്റില സ്വദേശി അനൂപ് മുഹമ്മദ് ബെംഗളൂരുവിൽ എൻ.സി.ബിയുടെ പിടിയിലാകുന്നത്. കണ്ണികൾ ഓരോന്നും ചികഞ്ഞെടുത്ത അന്വേഷണം സ്വർണക്കടത്തിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കും നീങ്ങിയതോടെ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുകയായിരുന്നു.

ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സ്‌സിറ്റി യൂനിയൻ കലോൽസവത്തിലെ "നിങ്ങൾ എന്നെ...

Posted by T Siddique on Thursday, October 29, 2020