ചെങ്ങന്നൂർ: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സെക്രട്ടറി സനു എൻ. നായർക്കും മറ്റു രണ്ടു പേർക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ട കല്ലറക്കടവ് മാമ്പ്ര വീട്ടിൽ നിതിൻ ജി. കൃഷ്ണയുടെ പരാതിയിലാണ് കേസ്. കാരയ്ക്കാട് മലയിൽ വീട്ടിൽ സനു എൻ. നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടോലിൽ നടയ്ക്കാവിൽ ലെനിൻ മാത്യു എന്നിവരാണ് ഒന്നു മുതൽ മൂന്നു വരെ പ്രതികൾ.

മെമ്പർ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന ബോർഡ് വച്ച കെഎൽ 40 കെ 3339 എന്ന വാഹനത്തിലാണ് പ്രതികൾ വന്നത് എന്ന് പരാതിയിൽ പറയുന്നു. മൂന്നാം പ്രതി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് മെമ്പർ ആണെന്നും കോർപ്പറേഷനിൽ ഒഴിവുകൾ ധാരാളമുണ്ടെന്നും പറഞ്ഞാണ് നിതിനെ സമീപിച്ചത്. 20 ലക്ഷം രൂപ നൽകിയാൽ ജുനിയർ എൻജിനീയർ തസ്തികയിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.

ഒന്നും രണ്ടും പ്രതികളായ സനുവും രാജേഷും ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ 2019 ഒക്ടോബറിൽ സനുവിന്റെ വീട്ടിൽ വച്ചാണ് 10 ലക്ഷം രൂപ കൈമാറിയത്. ആറു മാസത്തിനകം ജോലി കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പറഞ്ഞതു പോലെ നടന്നില്ല. തുടർന്ന് 10 ലക്ഷം കൂടി ആവശ്യപ്പെട്ടതിൻ പ്രകാരം കഴിഞ്ഞ വർഷം മെയ്‌ എട്ടിന് വീണ്ടും സനുവിന്റെ വീട്ടിൽ വച്ച് 10 ലക്ഷം രൂപ കൂടി കൈമാറി. ജോലി ശരിയായി എന്ന് പറഞ്ഞ് ഒരു നിയമന ഉത്തരവും നിതിന് നൽകി.

ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് താൻ പറ്റിക്കപ്പെട്ടുവെന്നും ചതിക്കപ്പെട്ടുവെന്നും നിതിന് മനസിലായത്. പണം തിരികെ ചോദിച്ചെങ്കിലും ഒഴിവു കഴിവു പറഞ്ഞ് പ്രതികൾ നീട്ടിക്കൊണ്ടു പോയി. പണം മടക്കി കിട്ടില്ലെന്ന് വന്നതോടെയാണ് നിതിൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. ഐപിസി 465, 468, 420, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.

സംഘപരിവാർ സംഘടനകളിൽ സജീവ പ്രവർത്തകനാണ് സനു എൻ. നായർ. എൻ.എസ്.എസ് കരയോഗം ഭാരവാഹിയുമായിരുന്നു. ഇങ്ങനെ ആർജിച്ച വിശ്വാസമാണ് തട്ടിപ്പിന് ഉപയോഗിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.