എസ്.ഹരീഷിന്റെ 'മീശ' എന്ന നോവലിലെ പല പദ പ്രയോഗങ്ങളും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ 'സംഭോഗ ശൃംഗാരം' എന്ന കാറ്റഗറിയിൽ വരുന്ന അനേകം സിനിമാ ഗാനങ്ങൾ എഴുതിയ വയലാർ രാമവർമയുടെ പേരിലുള്ള അവാർഡ് എസ്. ഹരീഷിന് കിട്ടുന്നതിൽ തെറ്റൊന്നും പറയാൻ സാധിക്കുകയില്ല.

മലയാളികൾ നെഞ്ചേറ്റിയ വയലാറിന്റെ പല സിനിമാ ഗാനങ്ങളിലും പച്ചയായ ലൈംഗികതയുണ്ട്. 'കേളീ നളിനം വിടരുമോ' എന്നാണ് പണ്ട് വയലാർ എഴുതിയത്. വയലാറിന്റെ പല സിനിമാ ഗാനങ്ങളും 'സംഭോഗ ശൃംഗാരം' എന്ന കാറ്റഗറിയിൽ വരുന്നതാണ്. 'വെണ്ണ തോൽക്കുമുടലോടെ ഇളം വെണ്ണിലാവിൻ തളിർ പോലെ' - എന്നാണ് വയലാർ രാമവർമ്മ സുന്ദരിയെ വിശേഷിപ്പിച്ചത്. അവിടൊന്നും കൊണ്ട് പുള്ളി നിർത്തുന്നുമില്ല. 'മൂടി വന്ന കുളിരോടെ പന്താടി വന്ന മദമോടെ
കാമുകനു മാത്രം നൽകും രോമഹർഷത്തോടെ എന്റെ ദാഹം തീരും വരെ നീ എന്നിൽ വന്നു നിറയൂ നിറയൂ' - എന്ന് പറഞ്ഞാണ് വയലാർ ആ സിനിമാഗാനം അവസാനിപ്പിക്കുന്നത്.

വിശ്വ സാഹിത്യത്തിലെ പല പ്രസിദ്ധമായ കൃതികളിലും ഇഷ്ടം പോലെ ലൈംഗിക പരാമർശങ്ങളുണ്ട്. ഗബ്രിയേല ഗാർഷ്യ മാർക്യൂസിന്റെ 'വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയുഡ്' എന്ന നോവലിൽ ഇഷ്ടംപോലെ പച്ചയായി സെക്‌സ് വർണിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയ കൃതിയാണത്. ഇതുപോലെ പാശ്ചാത്യ സാഹിത്യത്തിലും സിനിമയിലുമൊക്ക ഇഷ്ടം പോലെ സെക്‌സുണ്ട്. അതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്നവർ എന്തിനാണ് എസ്. ഹരീഷിന്റെ 'മീശയെ' കുറ്റപ്പെടുത്തുന്നത്?

കള്ളുഷാപ്പിലിരുന്ന് എസ്. ഹരീഷിന്റെ 'മീശയിലെ' കഥാപാത്രം ചെയ്യുന്നപോലെ ലൈംഗികതയെ കുറിച്ച് ഗീർവാണം നടത്തിയാൽ ചിലർക്ക് അത് പ്രശ്‌നമാണ്; അത് പ്രസിദ്ധീകരിച്ചാലും പ്രശ്‌നമാണ്. ഈ കപടനാട്യങ്ങളിൽ നിന്ന് എന്നാണ് നാം മുക്തരാകുക? ഈ ഗീർവാണം ഒക്കെ സമൂഹത്തിൽ നടക്കുന്നതല്ലേ? പക്ഷെ പൊതുസമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളാൻ പലരും തയാറല്ല. എല്ലാ 'ക്‌ളാസിലുള്ളവരും' ഒരുപോലെ പെരുമാറണമെന്നോ, സംസാരിക്കണമെന്നോ നിഷ്‌കർഷിക്കുന്നത് ശുദ്ധ മൗഢ്യമാണ്. എസ്. ഹരീഷിന്റെ 'മീശ' - ക്കെതിരേ പട നയിക്കുമ്പോൾ ഒരു പൊതുസമൂഹത്തിൽ പുലരേണ്ട സഹിഷ്ണുതയാണ് ഇല്ലാതാവുന്നത്. എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളേണ്ട ബഹുസ്വരത വെല്ലുവിളിക്കപെടുകയാണ് ഇവിടെ എന്ന് പലരും ഓർമിക്കുന്നതേ ഇല്ലാ.

വിശ്വ സാഹിത്യത്തെ കുറിച്ച് പറഞ്ഞാൽ, സായിപ്പിന്റെ നാട്ടിലുള്ളതുപോലെ ഇവിടേയും ലൈംഗിക ആരാജകത്വം പുലരണോ എന്നൊക്കെ ചില രാജ്യസ്‌നേഹികൾ ചോദിക്കും. സായിപ്പ് നമ്മളെ പോലെ ഒളിഞ്ഞു നോക്കുന്നില്ല എന്നത് ഇവർ കാണുന്നില്ല. ബസിലും തിരക്കുള്ള സ്ഥലങ്ങളിലും മലയാളികളെ പോലെ സായിപ്പ് 'ജാക്കി വെക്കാൻ' പോകാറുമില്ലാ; വെറുതെ സ്ത്രീകൾക്കെതിരെ പരദൂഷണം നടത്തി അവരെ മോശക്കാരാക്കി സമൂഹ മധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കാറുമില്ല. കാരണം ഒരു ലിബറൽ കോസ്‌മോപോളീറ്റൻ സമൂഹത്തിൽ സെക്‌സ് എന്നത് ശരീരത്തിന്റെയും മനസിന്റെയും ആവശ്യമായി അംഗീകരിക്കപ്പെടുന്നു. ഇവിടെ എല്ലാം മൂടിവെക്കുന്നു; ഒളിച്ചുവെക്കുന്നു. അതുകൊണ്ടാണ് ഇവിടെ ഒളിഞ്ഞുനോട്ടവും, സ്ത്രീ പീഡനവും കൂടുതൽ ഉള്ളത്.

ഇനി വിശ്വ സാഹിത്യത്തിലേക്കൊന്നും പോകേണ്ടാ; ഇന്ത്യൻ സാഹിത്യത്തിലേക്ക് നോക്കിയാൽ മതി, ഇഷ്ടം പോലെ ലൈംഗിക വർണ്ണനകൾ കാണുവാൻ. ശകുന്തളയുടെ കാൽപാദം മണ്ണിൽ പതിഞ്ഞതിനെ കുറിച്ച് കാളിദാസൻ നടത്തുന്ന ഒരു വർണനയുണ്ട്. എസ്. ഹരീഷിനെ വിമർശിക്കുന്നവർ പറ്റുമെങ്കിൽ അതൊന്ന് വായിച്ചു നോക്കുക. ഇനി അതൊന്നും വേണ്ട. ശകുന്തള തോഴിമാരോട് തന്റെ മാറിൽ കെട്ടിയത് ഒന്ന് അയച്ചു കെട്ടിത്തരാൻ പറയുമ്പോൾ അനസൂയയും, പ്രിയംവദയും കൂടി അടക്കം പറയുന്നത് 'ഞങ്ങൾ അയച്ചാണ് കെട്ടിയത്; പക്ഷെ ഉള്ളിലുള്ള സാധനം വളരുന്നതുകൊണ്ടാണ് നിനക്ക് ടയിറ്റായിട്ടു തോന്നുന്നത്' എന്നാണ്. ഇതുപോലുള്ള പച്ചയായ ലൈംഗിക സൂചനകൾ ഇഷ്ടംപോലെ പഴയകാല കൃതികളിൽ ഉണ്ട്.

എന്തിലും ഏതിലും മതബോധം കൂട്ടിക്കെട്ടുന്ന അത്യന്തം അനാരോഗ്യകരമായ പ്രവണത ഇക്കാലത്ത് തുടങ്ങിയിട്ടുണ്ട്. എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിനെ ചൊല്ലിയും ഇത് വരുന്നൂ. എസ്. ഹരീഷ് 'മീശ' എന്ന നോവലിലൂടെ ഹിന്ദുക്കളെ അപമാനിച്ചു; ഹിന്ദു സംസ്‌കാരത്തെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു എന്നൊക്കെയാണ് വിവാദങ്ങൾക്ക് തീ കൊളുത്തിക്കൊണ്ട് ചിലരൊക്കെ പറഞ്ഞിരിക്കുന്നത്. ശശികല ടീച്ചറൊക്കെ വളരെ 'ആക്റ്റീവ്'യായി ഇക്കാര്യത്തിൽ രംഗത്തു വന്നിട്ടുണ്ട്. ഹിന്ദുക്കളെ അല്ലാതെ വേറെ മതക്കാരെയൊക്കെ സാഹിത്യത്തിലൂടെയും കലകളിലൂടെയും പരിഹസിക്കുമോ എന്നാണ് ചിലരുടെയൊക്കെ ചോദ്യം. മലയാളത്തിൽ ക്രിസ്തീയ വൈദികരേയും കപ്യാർമാരെയുമൊക്കെ കളിയാക്കുന്ന എത്ര സിനിമകൾ വേണമെങ്കിലും ഉണ്ടെന്നുള്ള കാര്യം ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ കാണുന്നില്ല. മുസ്ലിം മതക്കാരേയും ഇഷ്ടം പോലെ അവരുടെ ജീവിതരീതികൾ കാണിച്ചുകൊണ്ട് മലയാളം സിനിമകൾ കളിയാക്കലുകൾക്ക് വിധേയമാക്കിയിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ 'പൊന്മുട്ടയിടുന്ന താറാവിലെ' ഹാജിയാർ, പാഠം ഒന്ന് ഒരു വിലാപത്തിലെ മുസലിയാർ, പ്രിയദർശന്റെ സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച മുസ്ലിം കഥാപാത്രം - സൗന്ദര്യ അവതരിപ്പിച്ച മുസ്ലിം വധുവിനെ പ്രാപിക്കാൻ നടക്കുമ്പോൾ തേങ്ങാക്കൊല വരെ ശ്രീനിവാസന്റെ തലയിൽ വീഴിക്കുന്നു - ഇതിലൊക്കെ പരിഹാസം അല്ലാതെ മറ്റെന്തൊന്നാണ് ഉള്ളത്? മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാരായ തകഴിയും, കേശവദേവും, പൊറ്റക്കാടും ഒക്കെ ഈ കാലത്ത് ജീവിക്കുക ആയിരുന്നെങ്കിൽ ആകെ വിഷമിച്ചു പോയേനെ.

സഭ്യമല്ലാത്ത കുറെ വാക്കുകളുണ്ട് എന്നല്ലാതെ വേറെ പോരായ്മകളൊന്നും 'മീശ' എന്ന നോവലിൽ ഇല്ലാ. രതി, കാമം, ശാരീരിക സൗന്ദര്യം - ഇതെല്ലാം വയലാർ ഗാനങ്ങളിൽ ആവോളമുണ്ട്. 'രതിസുഖസാരമായി' ദേവിയെ വാർത്ത ദൈവത്തെ കലാകാരനായിട്ടാണ് യൂസഫലി കേച്ചേരി കാണുന്നത്. ചെമ്പരത്തി എന്ന സിനിമയിൽ 'ചക്രവർത്തിനിയോട് പുഷ്പ പാദുകം പുറത്തു വെച്ച് നഗ്‌നപാദയായ് അകത്തു വരാൻ' പറഞ്ഞാൽ മലയാളിക്ക് പ്രശ്‌നമില്ല. അപ്പോൾ 'മച്ചകങ്ങളിലെ മഞ്ജുശയ്യയിൽ ലജ്ജകൊണ്ടു മൂടുന്നതിലും' പ്രശ്‌നമില്ല. മറിച്ച് കള്ളുഷാപ്പിലിരുന്ന് എസ്. ഹരീഷിന്റെ 'മീശയിലെ' കഥാപാത്രം ചെയ്യുന്നപോലെ ലൈംഗികതയെ കുറിച്ച് ഗീർവാണം നടത്തിയാൽ പ്രശ്‌നമാണ്; അത് പ്രസിദ്ധീകരിച്ചാലും പ്രശ്‌നമാണ്. 'സംഭോഗ ശൃംഗാരം' വയലാറിന്റെ 'സൂപ്പർ സ്‌പെഷ്യലൈസേഷൻ ഫീൽഡ്' ആയിരുന്നു. വയലാർ എഴുതിയ ശൃംഗാര വാക്കുകളുടെ നാടൻ പ്രയോഗങ്ങളാണ് മീശയിൽ.

'നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ
മായാവിരലുകൾ തൊട്ടാൽ മലരുന്ന മാദക മൗനങ്ങൾ നമ്മളല്ലേ' - എന്ന് ഏഴാച്ചേരി രാമചന്ദ്രൻ 'ചന്ദനമണിവാതിൽ' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പറയുമ്പോഴും, ബാലചന്ദ്രൻ ചുള്ളിക്കാട് ആ ഗാനരംഗം അഭിനയിക്കുമ്പോഴും മലയാളിക്ക് പ്രശ്‌നമില്ലാ. പിന്നെ എസ്. ഹരീഷിന്റെ നോവലിൽ എന്തിനു പ്രശ്‌നം കാണണം? 'കാമ സുഗന്ധി' എന്നുള്ള പ്രയോഗം, 'രതി സുഖ സാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം' - എന്നുള്ള വരികളുള്ള മലയാള ഗാനം - ഇതൊക്കെ ഉള്ളിടത്തോളം കാലം എസ്. ഹരീഷിനെ കുറ്റം പറയുന്നതിൽ ഒരു കാര്യവുമില്ലാ.

ഇന്നുള്ള മത ബോധമോ, ലൈംഗിക സദാചാരങ്ങളോ അല്ലായിരുന്നു പണ്ട് ഇന്ത്യയിൽ നിലനിന്നിരുന്നത് എന്നതാണ് ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഏതെങ്കിലും ചരിത്ര മ്യുസിയത്തിൽ പോയാൽ ഇന്നുള്ള വസ്ത്ര ധാരണമൊന്നുമല്ലാ പണ്ട് നമ്മുടെ സ്ത്രീകൾക്കും, പുരുഷന്മാർക്കും ഉണ്ടായിരുന്നതെന്ന് ആർക്കും കാണാം. പൗരാണിക ഇന്ത്യയിൽ സ്ത്രീകൾക്ക് ലൈംഗിക സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഗന്ധർവ വിവാഹങ്ങളേയും, സ്വയംവരങ്ങളേയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ എത്ര വേണമെങ്കിലും ഉണ്ട്. ഉഷയുടേയും അനിരുദ്ധന്റെയും റൊമാൻസ്, നള ദമയന്തിമാരെ കോർത്തിണക്കുന്ന ഹംസം, ശകുന്തളയുടേയും ദുഷ്യന്തന്റെയും പ്രേമ വിവാഹം - ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത റൊമാൻസുകൾ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ ഉണ്ട്. ഉഷ സത്യം പറഞ്ഞാൽ, തന്റെ റൊമാന്റ്റിക്ക് സങ്കൽപ്പങ്ങൾക്ക് അനുസൃതമായി യാദവ രാജകുമാരനായ അനിരുദ്ധനെ 'കിഡ്‌നാപ്പ്' ചെയ്യുകയായിരുന്നു; തോഴിയുടെ സഹായത്താൽ അനിരുദ്ധനെ കട്ടിലോടെ പൊക്കിക്കൊണ്ട് വരികയായിരുന്നു. 'ബന്ധനസ്ഥനായ അനിരുദ്ധനിൽ' വള്ളത്തോൾ 'ചാരങ്ങു ചാരുമുഖി ചാരി ഇരുന്നീടുന്നു' എന്നാണല്ലോ ഉഷയെ വർണിക്കുന്നത്.

സ്ത്രീ ശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ സ്ഥാപിക്കപ്പെട്ടത് ഐശ്യര്യത്തിന്റ്റേയും സൗഭാഗ്യത്തിന്റെയും പ്രതീകമായിട്ടാണ്. അതുകൊണ്ട് സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ വിളങ്ങുന്നു.

'സാലഭഞ്ജികകൾ കൈകളിൽ
കുസുമ താലമേന്തി വരവേൽക്കും...' - എന്നാണല്ലോ വയലാറിന്റെ 'ചെമ്പരത്തി'-യിലെ പ്രസിദ്ധമായ ഗാനരചന തന്നെ. അർദ്ധ നഗ്‌നകളും, രതി ഭാവങ്ങൾ ഉൾക്കൊള്ളുന്നവരുമായ സ്ത്രീകളൊയൊക്കെ നമ്മുടെ പല ക്ഷേത്രങ്ങളിലും കാണാം. അതിലൊന്നും പണ്ടുകാലത്ത് ആർക്കും ഒരു മോശവും തോന്നിയിരുന്നില്ല.

കോണാർക്ക്, ഖജുരാഹോ, അസംഖ്യം ചോള ക്ഷേത്രങ്ങൾ - ഇവിടെയൊക്കെ നിരന്നിരിക്കുന്ന രതി ശിൽപങ്ങൾ ഇന്ത്യൻ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പിന്നീട് ജാതി ചിന്ത പ്രബലമായ മധ്യ കാലഘട്ടമായപ്പോഴാണ് സ്ത്രീകൾക്ക് മേൽ കണ്ടമാനം നിയന്ത്രണങ്ങൾ വരുന്നത്. പുരോഹിത വർഗത്തിന്റെ ആധിപത്യവും, വിദേശ ശക്തികളുടെ ആക്രമണങ്ങളുമെല്ലാം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാക്കി ഇന്ത്യൻ സമൂഹത്തെ മാറ്റി. കേരളത്തിൽ ഒരു നൂറ്റാണ്ടു മുമ്പ് വരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകൾ നടന്നിരുന്നു. പക്ഷെ ഇന്ന് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലാതായിരിക്കുന്നു. ഫെമിനിസ്റ്റുകൾ പോലും രതിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു.

'ചാരുലതേ... ചന്ദ്രിക കൈയിൽ
കളഭം നൽകിയ ചൈത്രലതേ...
എന്റെ മുല്ലപ്പന്തലിൽ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...' - എന്ന പാട്ടിലൊക്കെ വരുന്നത് സംഭോഗ ശൃംഗാരമാണ്. ആ പാട്ടിൽ 'പ്രതിശ്രുതവധുവെ ദൈവങ്ങൾ പോലും
പ്രാപിച്ചിട്ടില്ലേ' എന്ന ചോദ്യം ഇന്നു കേട്ടാൽ ചിലരുടെ ഒക്കെ വികാരം തിളക്കാൻ സാധ്യതയുണ്ട്.

ഇരയിമ്മൻ തമ്പി എഴുതിയ 'പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ....' - എന്നൊക്കെയുള്ള കവിതകളിലാവട്ടെ പച്ചയായ സെക്‌സുണ്ട്. എന്തായാലും ഇതൊക്കെ എഴുതിയ കവികളും കലാകാരന്മാരും പണ്ടുകാലത്ത് ജീവിച്ചിരുന്നത് അവരുടെ ഭാഗ്യം. അന്നൊക്കെ ജീവിച്ചിരുന്നതുകൊണ്ട് രാജ്യ സ്‌നേഹികളും, സദാചാര വാദികളും അവരെ ഓടിച്ചിട്ടു തല്ലിയില്ല.

അർഥമറിയാതെയാണ് പലരും മലയാള സിനിമാ ഗാനങ്ങൾ പാടുന്നത്. വയലാറിന്റെ ഈ ഗാനങ്ങൾ ഒക്കെ നോക്കൂ:

'എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
ഏകാന്ത ജാലകം തുറക്കൂ'

'ശൃംഗാര പദമാടും യാമം, മദാലസയാമം.
ഇവിടെ ഓരോ മാംസപുഷ്പവും ഇണയെ തേടും രാവിൽ.
നഗ്‌നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ
ഉടയാട നെയ്യും നിലാവിൽ'

'നീയും ഞാനും നമ്മുടെ മോഹവും കൈമാറാത്ത രഹസ്യമുണ്ടോ' - എസ് ഹരീഷിനെ കുറ്റം പറയുന്നവർ ഈ പാട്ടൊക്കെ ഓർക്കുക.

പൂന്തുറയിൽ അരയന്റെ പൊന്നരയത്തി പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി 'ഈ പുഞ്ചിരീ... ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി പുടവയും മാലയും വാങ്ങും മുൻപേ പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി'

'ചാരുലതേ... ചന്ദ്രിക കൈയിൽ

കളഭം നൽകിയ ചൈത്രലതേ...

എന്റ്റെ മുല്ലപ്പന്തലിൽ നീ പടരൂ...

ഇന്നെല്ലാമെല്ലാം എനിക്കു തരൂ...- ഈ പാട്ടിലൊക്കെ ഉള്ളത് 'സംഭോഗ ശൃംഗാരം' തന്നെയാണ്. സത്യത്തിൽ, വയലാറിന്റെ 'സൂപ്പർ സ്‌പെഷ്യലൈസേഷൻ ഫീൽഡ്' ആയിരുന്നു 'സംഭോഗ ശൃംഗാരം' എന്നുള്ളത്.

രതിയെ വർണിക്കുന്നതിൽ ശ്രീകുമാരൻ തമ്പിയും മോശക്കാരനായിരുന്നില്ല.

'കണ്ണാടിപോലെ മിന്നും
കാഞ്ചീപുരംസാരി ചുറ്റി
കഴുത്തിൽ കവിത ചൊല്ലും
കല്ലുമണിമാല ചാർത്തി..
അന്നംപോൽ നടന്നുപോകും അഭിരാമീ.

നിന്റ്റെ ആരാമമൊന്നു കാണാൻ
മോഹമായി.. എനിക്കു മോഹമായി....' - ഇതിലൊന്നിലും ഇല്ലാത്ത എന്ത് ലൈംഗിക വർണനയാണ് സത്യത്തിൽ എസ്. ഹരീഷ് 'മീശ' എന്ന നോവലിൽ നടത്തിയിരിക്കുന്നത്?

ഈറൻ ചുരുൾമുടി തുമ്പുകൾകെട്ടി

ഇലഞ്ഞിപ്പൂ ചൂടി..

വ്രീളാവതിയായ് അകലെ നിൽക്കും നീ

വേളിപെണ്ണല്ലേ..

പ്രതിശ്രുതവരനെ പെണ്ണുങ്ങൾ പണ്ടും

പൂജിച്ചിട്ടില്ലേ..

കാറ്റത്തുലയും മാർമുണ്ടൊതുക്കി

കടക്കണ്ണാൽ നോക്കി...

ആലസ്യത്തിൽ മുഴുകിനിൽക്കും നീ

അന്തർജ്ജനമല്ലേ..

പ്രതിശ്രുതവധുവെ ദൈവങ്ങൾപോലും

പ്രാപിച്ചിട്ടില്ലേ...' - ഇതൊക്കെ രതിഭാവം തുളുമ്പുന്ന, അതല്ലെങ്കിൽ 'സംഭോഗ ശൃംഗാരം' എന്ന കാറ്റഗറിയിൽ വരുന്ന പാട്ടുകളാണ്. സത്യത്തിൽ ഈ പാട്ടുകളിലൊന്നും ഇല്ലാത്ത എന്തു ലൈംഗിക വർണനയാണ് എസ്. ഹരീഷ് 'മീശ' എന്ന നോവലിൽ നടത്തിയിരിക്കുന്നത്? അതുകൊണ്ട് ഇന്നത്തെ നമ്മുടെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയാൽ തീരുന്ന ഒരു പ്രശ്‌നമേ ഇവിടെ ഉള്ളൂ. ഒന്നുമില്ലെങ്കിലും കാമസൂത്രം എഴുതിയ നാടാണ് ഇന്ത്യാ മഹാരാജ്യം എന്നത് എസ്. ഹരീഷിനേയും, 'മീശ' എന്ന നോവലിനേയും കുറ്റം പറയുമ്പോൾ എല്ലാവരും ഓർമ്മിക്കണം. കാമസൂത്രം രചിക്കുക മാത്രമല്ലാ; കാമസൂത്ര ശിൽപങ്ങൾ അനേകം ക്ഷേത്രങ്ങളിൽ കൊത്തിവെക്കുക വരെ ചെയ്തു പുരാതന ഇന്ത്യാക്കാർ. ആ ശിൽപ്പങ്ങളിലൊന്നിലും തോന്നാത്ത കുഴപ്പമൊന്നും ആർക്കും എസ്. ഹരീഷിനോടോ, ഹരീഷിന്റെ 'മീശ' എന്ന നോവലിനോടോ തോന്നേണ്ട ഒരു കാര്യവുമില്ലാ. സത്യത്തിൽ നമ്മുടെ ലൈംഗിക സദാചാരത്തിൽ, ഒരു 'ഗ്ലാസ്‌നോസ്ത്' അല്ലെങ്കിൽ ഒരു തുറന്നുപറച്ചിൽ വന്നാൽ തീരുന്ന പ്രശ്‌നമേ ഇവിടുള്ളൂ.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)