ലണ്ടൻ: ബ്രിട്ടനിൽ പലയിടങ്ങളിലും ഫ്ളൂ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇത്തവണ ഈ രോഗത്തിന്റെ വരവ് നേരത്തേയായിരിക്കും എന്ന് പ്രമുഖ ആരോഗ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി സെപ്റ്റംബർ മുതൽമാർച്ച് വരെയാണ് ബ്രിട്ടനിൽ ഫ്ളൂവിന്റെ കാലം. എന്നാൽ, ജനുവരിയെങ്കിലും ആകാതെ ഇതിന്റെ സമ്മർദ്ദം എൻ എച്ച് എസിന് അനുഭവപ്പെടാറില്ല. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഫ്ളൂ കേസുകളുടെ എണ്ണം 2019/20 ഫ്ളൂ സീസണിൽ ഇതേ സമയത്തുണ്ടായതിനേക്കാൾ കുറവാണെങ്കിലും രണ്ടാഴ്‌ച്ച കൊണ്ട് കേസുകളുടെ എണ്ണം ഇരട്ടിയായതാണ് ആശങ്കയുണർത്തുന്നത്.

ക്രൊയേഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ ഫ്ളൂ വ്യാപകമായത് ബ്രിട്ടനിലും ഇക്കുറി ഈ രോഗം നേരത്തേ വ്യാപകമാകും എന്നതാണെന്ന് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റിയുട്ടിലെ പ്രധാന ഫ്ളൂ ശാസ്ത്രജ്ഞനായ ഡോ. ജോൺ മെക്കാളെ പറയുന്നു. ക്രൊയേഷ്യയിലെ രോഗവ്യാപനം ഒരു അപകട സൂചനയായി കണക്കാക്കാമെന്നും അദ്ദേഹം പറയുന്നു. ഫ്ളൂ എത്തിക്കഴിഞ്ഞു എന്നും യൂറോപ്പിലേക്ക് അത് വ്യാപിക്കുകയാണ് എന്നും ഉള്ളതിന്റെ സൂചനയാണത്. ചൈനയിലേയും ഇന്ത്യയിലേയും സാന്നിദ്ധ്യം വ്യക്തമാക്കുന്നത് വലിയൊരു വിഭാഗം ജനങ്ങളിൽ ഫ്ളൂ വ്യാപിക്കുന്നു എന്നു തന്നെയാണ്. യാത്രക്കാരിലൂടെ അത് മറ്റ് രാജ്യങ്ങളിലേക്കും പടരാം.

അതേസമയം 50 വയസ്സിനു മുകളിലുള്ളർ, ആരോഗ്യ പ്രവർത്തകർ, ഫ്ളൂ ബാധിക്കുവാൻ ഏറെ സാധ്യതയുള്ള മറ്റുള്ളവർ എന്നീ വിഭാഗങ്ങളി പെടുന്ന 35 മില്ല്യൺ ആളുകൾക്ക് ഫ്ളൂ വാക്സിൻ നൽകുന്നുണ്ട്. എൻ എച്ച് എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളൂ പ്രതിരോധ കുത്തിവയ്പാണിത്. കോവിഡ് വാക്സിൻ പദ്ധതിക്കൊപ്പം തന്നെയാണ് ഇതും നടത്തുന്നത്. ഒട്ടുമിക്ക ബ്രിട്ടീഷുകാരും കഴിഞ്ഞ 12 മാസങ്ങളായി വീടുകളിൽ തന്നെ തുടരുന്നതിനാൽ, ഫ്ളൂ വൈറസുമായി സമ്പർക്കത്തിൽ വന്നിട്ടില്ല. ഇത് മനുഷ്യരിലെ സ്വാഭാവിക പ്രതിരോധ ശേഷി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വർഷം 60,000 പേർ വരെ ഫ്ളൂ ബാധിച്ച് മരണപ്പെടാം എന്നാണ് ആരോഗ്യ വിദഗ്ദർ കണക്കാക്കുന്നത്.

ശൈത്യകാലമെത്തുന്നതോടെ കടുത്ത തണുപ്പും നേരത്തേ രാത്രിയാകുന്നതും ആളുകൾ വീടുകൾക്കുള്ളിൽ സമ്പർക്കത്തിൽ ഏർപ്പെടുന്നത് വർദ്ധിപ്പിക്കും. ഇത് കോവിഡ് വ്യാപനം ശക്തമാകുന്നതിനും കാരണമായേക്കാം. അങ്ങനെ വന്നാൽ, ഫ്ളൂ കാലത്ത് എൻ എച്ച് എസിന് മേൽ കടുത്ത സമ്മർദ്ദം ഉണ്ടാകാനും ഇടയുണ്ട്. അതുകൊണ്ടു തന്നെ നേരത്തേ ഫ്ളൂവിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് എന്നാണ് മെക്കാളെ പറയുന്നത്.

യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ജനിതക ശാസ്ത്രജ്ഞനായ പ്രൊഫസർ ഫ്രാങ്കോയിസ് ബാലക്സും ഇത്തവണ ഫ്ളൂ നേരത്തേ എത്തിയേക്കാം എന്ന അഭിപ്രായക്കാരനാണ്. കഴിഞ്ഞ ഒരു വർഷമയി ഫ്ളൂ വൈറസുമായി മനുഷ്യരിലധികവും സമ്പർക്കത്തിൽ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള പ്രതിരോധശേഷി അവർക്കില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച്, കഴിഞ്ഞവർഷത്തേക്കാൾ കുറവാണ് രോഗികളുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.