കൊച്ചി: മുൻ മിസ് കേരളയുടെ മരണത്തിന് പിന്നിൽ ദുരൂഹമായി നിൽക്കുന്ന ഓഡി കാറിന്റെ വിശദാംശങ്ങൾ പുറത്ത്. കെഎൽ 40 ജെ 3333 എന്ന ഓഡി കാറിന്റെ രജിസ്‌ട്രേഷൻ ഫെബി പോളിന്റെ പേരിലാണ്. കോഴിക്കോട് നടക്കാവ് ഫയർ ആൻഡ് സേഫ്റ്റി ഏജൻസി നടത്തുന്ന വ്യക്തിയാണ് ഫെബി. ഫെബിയുടെ പേരിലാണ് കാറെങ്കിലും സൈജുവിന്റെ കൈവശമാണ് ഇത്.

ബാങ്കുകളെ പറ്റിച്ച് ലോൺ നേടാനുള്ള സൈജുവിന്റെ തന്ത്രമാണ് ഓഡി കാർ ഫെബിയുടെ പേരിലാകാനുള്ള കാരണം. കൃത്യമായ കരാറുണ്ടാക്കിയാണ് കാറു വാങ്ങിയത്. ഈ ഓഡി കാർ തന്റെ പേരിലാണെന്ന് ഫെബിക്കും അറിയാം. തന്റെ സുഹൃത്താണ് സൈജുവെന്നും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. കാർ ഇടപാടിലെ ദുരൂഹതകൾ മാറ്റാനുള്ള തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. സൈജുവും ഇതെല്ലാം സമ്മതിച്ചു. ഇടപ്പള്ളിയാണ് ഫെബി പോളിന്റെ വീട്.

അർക്കിടെക്ടാണ് സൈജു. സൈജുവിന്റെ സഹോദരൻ സോണി. രണ്ടു പേരുടേയും അടുത്ത സുഹൃത്താണ് ഫെബി. ഓഡി കാർ വാങ്ങുകയെന്നത് സൈജുവിന്റെ സ്വപ്‌നമായിരുന്നു. 13 ലക്ഷം രൂപ കൈയിലുണ്ടായിരുന്നു. ആ സമയം ഏഴ് ലക്ഷം രൂപ വായ്പ കൂടി ഈ കാർ വാങ്ങാൻ അനിവാര്യമായിരുന്നു. സെക്കന്റ് ഹാൻഡ് കാറാണ് വാങ്ങിയത്. ഇതിന് വേണ്ടി ലോൺ എടുക്കാൻ സിബിൽ പ്രശ്‌നങ്ങൾ സൈജുവിന് തടസ്സമായി. ഇതു മറി കടക്കാനാണ് ഫെബി പോളിന്റെ പേരിൽ വാഹനം വാങ്ങിയത്.

ഏഴ് ലക്ഷം രൂപയ്ക്ക് 32,000 രൂപയാണ് മാസം ലോൺ തുക അടയ്‌ക്കേണ്ടത്. ഈ തുക മുടങ്ങിയാൽ കാർ ഫെബി പോളിന്റെ പേരിലാകും എന്ന തരത്തിലായിരുന്നു കരാർ. കഴിഞ്ഞ വർഷമാണ് കാർ വാങ്ങിയത്. ഒരു തവണ പോലും സൈജു ഇത് മുടക്കിയതുമില്ല. താനും സൈജുവുമായുള്ളത് പ്രൊഫഷണൽ ബന്ധമാണെന്ന് ഫെബി പോളും സമ്മതിച്ചിട്ടുണ്ട്. തന്റേയും സൈജുവിന്റേയും കുടുംബങ്ങൾ തമ്മിലും ബന്ധമുണ്ടെന്നും ഫെബി പോൾ കൂട്ടിച്ചേർക്കുന്നു. അതിവേഗത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്ന മാന്യമായ സ്വഭാവമാണ് സൈജുവിന്റേതെന്നും ഫെബി പറയുന്നു.

അപകട ശേഷം സൈജുവിനെ ബന്ധപ്പെട്ടുവെന്നും ഫെബി സമ്മതിക്കുന്നു. നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ എല്ലാവരും ഒരുമിച്ചു കണ്ടിരുന്നു. അതിന് ശേഷം മദ്യപിച്ച് വണ്ടി ഓടിക്കുന്നത് തടഞ്ഞു. തന്റെ വീട്ടിൽ താമസിപ്പിക്കാമെന്ന് വാഗ്ദാനവും ചെയ്തു. എന്നാൽ അവർ അത് നിരസിച്ചു. ഒരേ വഴിയിലായിരുന്നു അവരുടെ യാത്ര. അതുകൊണ്ട് ആ കാറിന് പിന്നിൽ സൈജുവുമുണ്ടായിരുന്നു-മാതൃഭൂമിയോട് ഫൈബി പോൾ വിശദീകരിച്ചത് ഇങ്ങനെയാണ്. സൈജു വാഹനത്തിൽ ഒറ്റയ്ക്കായിരുന്നു. അവരെ സാഹായിക്കാൻ പോയാണ് സൈജു കുടുങ്ങിയതെന്നും മാതൃഭൂമിക്ക് അനുവദിച്ച ഇംഗ്ലീഷ് അഭിമുഖത്തിൽ ഫെബി പറയുന്നു.

മുൻ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഏറുന്നതായാണ് റിപ്പോർട്ട്. ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. ഹോട്ടലിൽ നിന്നും ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയതിനെ തുടർന്നാണ് സൈജുവിനെതിരെ അന്വേഷണം വന്നത്.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്നും ഔഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തിൽ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം കുണ്ടന്നൂരിൽ വെച്ച് ഔഡി കാറിലുണ്ടായിരുന്നവർ അൻസിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടുമെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിൽ നിന്നും ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നുമാണ് ഔഡി കാർ ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ മുതൽ അപകട സ്ഥലംവരെ അൻസിയുടെ കാറിനെ പിന്തുടർന്നതായുള്ള വിവരം ലഭിച്ചത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു.

ഒക്ടോബർ 31ാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റിയത്. ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്. അതേസമയം റോയിയോട് പൊലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.