കൊച്ചി: നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഇനിയും സോഷ്യൽ മീഡിയയിൽ കെട്ടടങ്ങിയിട്ടില്ല. നേരത്തെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ് ലൈൻ നാദിർഷാ നീക്കം ചെയ്തിരുന്നു. എന്നാൽ, ഈശോ എന്ന പേരിനെ ചൊല്ലിയും വാദ-പ്രതിവാദങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ ഈശോ എന്ന പേര് മാറ്റാമെന്ന് നാദിർഷാ സമ്മതിച്ചതായി ഫേസ്‌ബുക്ക് കുറിപ്പ് ഇട്ടിരുന്നു.

ഏറ്റവുമൊടുവിൽ, നാദിർഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന കുത്സിത നീക്കങ്ങളെ ചെറുക്കാൻ വിവേകമുള്ള കേരളീയരോട് അഭ്യർത്ഥിക്കുന്നു. ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകൻ നാദിർഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവർത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുയും ചെയ്യുന്നു എന്ന് ഫെഫ്ക അറിയിച്ചു.

ഇതിന് മുമ്പ് മലയാളത്തിൽ മതപരമായ പേരുകൾ ഉപയോഗിച്ച ചിത്രങ്ങൾക്ക് അന്തർദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും ഒപ്പം പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ), ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങൾ ഉദാഹരണങ്ങളാണ്. സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകൾ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിർത്താനുള്ള ഗൂഢനീക്കങ്ങൾ അന്നൊന്നും ഉണ്ടായിട്ടില്ലെന്നും ഫെഫ്ക കൂട്ടിച്ചേർത്തു.

ഫെഫ്കയുടെ കുറിപ്പ് ഇങ്ങനെ:

ശ്രീ. നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ ചില തൽപ്പര കക്ഷികൾ ബോധപൂർവ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തിൽ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തിൽ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യർത്ഥിക്കുന്നു . വിശ്വാസി സമൂഹത്തിൽ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങൾ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ് .

സിനിമയുടെ ടൈറ്റിൽ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തർദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങൾ ഉദാഹരണങ്ങളാണ്. സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകൾ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിർത്താനുള്ള ഗൂഢനീക്കങ്ങൾ അന്നൊന്നും ഉണ്ടായിട്ടില്ല .

ജാതി, മത, രാഷ്രീയ, പ്രാദേശിക വിഭജനങ്ങളില്ലാതെ, പൂർണ്ണമായും സാമുദായിക സൗഹാർദ്ദത്തോടെ പ്രവർത്തിക്കുന്ന തൊഴിൽ ഇടമാണ് ചലച്ചിത്ര മേഖല. അത് തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പരസ്പരം കൈകോർത്ത് കൂടുതൽ കരുത്തോടെ സിനിമാരംഗം മുന്നേറുകയാണ് ചെയ്തിട്ടുള്ളത് എന്ന് സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ .

ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകൻ നാദിർഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവർത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഈ ചിത്രത്തിന്റ ഉള്ളടക്കത്തിൽ ഇല്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. ആ ഉറപ്പ് പൊതുസമൂഹവുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നു.

സിനിമയുടെ ഉള്ളടക്കം, പേര് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളിൽ പുറത്തുനിന്നുള്ള നിയന്ത്രണം അങ്ങേയറ്റം ആപത്കരമാണ് . ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകണമെന്ന് ഫെഫ്ക അഭ്യർത്ഥിക്കുന്നു.