മലപ്പുറം: മത്സരിക്കാൻ സീറ്റ് ലഭിച്ചുവെന്നതിനാൽ താൻ കോൺഗ്രസോ മുസ്ലിം ലീഗോ ആവില്ലെന്ന് തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചുവെന്ന് കരുതി നിലവിലോ ഭാവിയിലോ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളാവാൻ തീരുമാനിച്ചിട്ടില്ല.ജീവകാരുണ്യ പ്രവർത്തകൻ എന്ന പരിഗണന വച്ചാണ് യുഡിഎഫ് നേതൃത്വം സീറ്റ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മലപ്പുറം ജില്ലയിൽ നിന്ന് പത്രിക സമർപ്പിച്ചവരിൽ നിന്ന് വിശദാംശങ്ങൾ അറിയാൻ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തിരിക്കുന്നത് ഫിറോസ് കുന്നംപറമ്പിലിന്റെ സത്യവാങ്മൂലമാണ്. 350 പേരാണ് ഫിറോസിന്റെ സത്യവാങ്മൂലം ഡൗൺലോഡ് ചെയ്തിരിക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നിൽ സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എംഡിസി ബാങ്കിൽ 1000 രൂപയും നിക്ഷേപമുണ്ട്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്. ഫിറോസ് കുന്നംപറമ്പിലിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോൾ 20,28,834 ജംഗമ ആസ്തിയാണ് ഫിറോസിനുള്ളത്.കമ്പോളത്തിൽ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയർ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂർ, ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനൽ കേസുകൾ ഫിറോസിന്റെ പേരിലുണ്ട്. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനുള്ള മടി കൊണ്ടാണ് ഫിറോസ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുന്നതെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. മന്ത്രി കെടി ജലീലിനെതിരെയാണ് ഫിറോസ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

കെടി ജലീൽ, പികെ കുഞ്ഞാലിക്കുട്ടി, സുലൈമാൻ ഹാജി, പിവി അൻവർ എന്നിവരാണ് ഈ പട്ടികയിൽ തൊട്ട് പിന്നിൽ.ഫിറോസിന്റേത് കഴിഞ്ഞാൽ പികെ കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങളറിയാനാണ് ആളുകൾ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 180 പേരാണ് കുഞ്ഞാലിക്കുട്ടിയുടെ സത്യവാങ്മൂലം ഡൗൺലോഡ് ചെയ്തിരിക്കുന്നത്. കെടി ജലീലിന്റെ സത്യവാങ്മൂലം 121 പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.