ന്യൂഡൽഹി: ഏറ്റവും പുതിയ ഫിഫ റാങ്കിങിൽ സ്ഥാനം നിലനിർത്തി. നിലവിൽ 105ാം റാങ്കിലാണ് ഇന്ത്യ. പുതിയ പട്ടികയിലും സ്ഥാനത്തിൽ മാറ്റമില്ല.

അതേസമയം വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് നഷ്ടം സംഭവിച്ചു. ഏറ്റവും പുതിയ പട്ടികയിൽ ഇന്ത്യൻ വനിതാ ടീം 57ാം റാങ്കിലേക്ക് വീണു. നാല് സ്ഥാനങ്ങളാണ് ടീമിന് നഷ്ടമായത്.

റാങ്കിങ് കണക്കാക്കുന്ന സമയത്ത് ഒരു മത്സരം മാത്രമാണ് അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിയത്. ഉക്രൈൻ- ബഹ്റിൻ സൗഹൃദ മത്സരമാണ് നടന്നത്. പോരാട്ടം 1-1ന് സമനിലയിൽ അവസാനിച്ചു. അതിനാൽ തന്നെ പുരുഷ ടീമുകളുടെ റാങ്കിങിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്ന് ഫിഫ വ്യക്തമാക്കി. പട്ടികയിൽ ഏക മാറ്റം വന്ന ടീം ബഹ്റിനാണ്. അവർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 98ലേക്ക് കയറി.

റാങ്കിങിൽ ബെൽജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും മൂന്നാം സ്ഥാനത്ത് മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലും നിൽക്കുന്നു. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടും അഞ്ചാം സ്ഥാനത്ത് യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലുമാണ് ഉള്ളത്.

വനിതാ വിഭാഗത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ജർമനി, ഹോളണ്ട്, ഫ്രാൻസ്, സ്വീഡൻ ടീമുകളാണ് ആദ്യ അഞ്ചിൽ.