ന്യൂഡൽഹി: ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ കർഷക സമരക്കാരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. കർഷകർ സമരം നടത്തുന്നയിടത്തേക്ക് ബിജെപി പ്രവർത്തകർ ജാഥയുമായി എത്തിയതാണ് സംഘർഷത്തിന് കാരണം. കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയനുമായാണ് ബിജെപി അനുഭാവികൾ ഏറ്റുമുട്ടിയത്.

സംഭവത്തിൽ കർഷക സംഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഭാഗത്തു നിന്നുമുണ്ടായത്.ഇന്ന് നടന്ന ചില സംഭവങ്ങളോടു കൂടി കർഷകൻ എന്ന വാക്ക് തന്നെ തകർന്നു പോയിരിക്കുന്നു. നിർമ്മലവും ഏറെ ബഹുമാനാർഹവുമായ ആ വാക്ക് ചില ദൗർഭാഗ്യകരങ്ങളായ സംഭവങ്ങളാൽ തകർന്നുപോയിരിക്കുന്നു. സഹോദരിമാരുടെയും പെൺമക്കളുടെയും അന്തസിനാണ് ഇത് കളങ്കം വരുത്തിയിരിക്കുന്നത്. ജനാധിപത്യ വിരുദ്ധമായി നടന്ന കാര്യങ്ങളെ താൻ അപലപിക്കുന്നതായും ഖട്ടർ പ്രതികരിച്ചു.

2020 നവംബർ മുതൽ യുപി-ഡൽഹി അതിർത്തിയിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. ഇക്കഴിഞ്ഞ ദിവസം സമരക്കാർ ഗവർണറുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാൻ പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിക്കുകയും ചെയ്തിരുന്നു.