കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. കോഴിക്കോട് കരുവൻപൊയിൽ ഹയർസെക്കൻഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കൻഡറി സ്‌കൂളിലേയും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചിരുന്നവർ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘർഷവുമാണ് വലിയൊരു കൂട്ടത്തല്ലിൽ കലാശിച്ചത്.

പ്ലസ് വൺ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥികൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർത്ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വിദ്യാർത്ഥികൾ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോൾ സംഘർഷമുണ്ടാകാനുള്ള സാധ്യത സ്‌കൂൾ അധികൃതർ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ തന്നെ സ്‌കൂളിൽവെച്ചൊരു സംഘർഷം ഒഴിവാക്കാനുള്ള ശ്രമവും അവർ നടത്തിയിരുന്നു. ഇതേത്തുടർന്ന് രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന് സ്ഥലത്തുവച്ചാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.

ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. നാട്ടുകാർ വിദ്യാർത്ഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.