കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശതരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മികച്ച പോളിങ്ങിനൊപ്പം ഒറ്റപ്പട്ട അക്രമ സംഭവങ്ങളുെ റിപ്പോർട്ട് ചെയ്യുന്നു. മലപ്പുറത്ത് യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ ഏറ്റമുട്ടിയപ്പോൾ കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു. മലപ്പുറത്ത് പെരുമ്പടപ്പ് കോടത്തൂരിലാണ് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റമുട്ടിയത്.സംഘർഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന്‌പൊലീസ് ലാത്തിവീശി.താനൂർ നഗരസഭയിലെ 16-ാം നമ്പർ ബൂത്തിലും എൽഡിഎഫ്-യുഡിഎഫ് സംഘർഷം റിപ്പോർട്ട് ചെയ്തു.

 കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു.പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിലാണ് യുഡിഎഫ് ബൂത്ത് ഏജന്റിന് മർദ്ദനമേറ്റത്. കള്ള വോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബൂത്ത് ഏജന്റ് കെ.വി.നിസാറിനെ എൽഡിഎഫ് പ്രവർത്തകർ ബൂത്തിൽ കയറി മർദ്ദിച്ചുവെന്നാണ് പരാതി. പൊലീസ് ഇടപെടില്ലെന്നും ആക്ഷേപമുണ്ട് . നിസാറിനെ പിന്നീട് യുഡിഎഫ് പ്രവർത്തകർ ബൂത്തിൽ നിന്നും മാറ്റി. ഇന്നലെ രാത്രി ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിനു നേരെ ബോംബേറ് നടന്നിരുന്നു.

കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ആലക്കാട് ഗവ: ആശുപത്രി ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലീഗ് പ്രവർത്തകനെ പൊലീസ് പിടികൂടി. വിദേശത്തുള്ളവരുടെ വോട്ട് ചെയ്യാൻ എത്തിയെന്ന എൽഡിഎഫിന്റെ പരാതിയെ തുടർന്നാണ് പൊലീസ് പിടികൂടിയത്.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ കള്ളവോട്ട് നടന്നതായും ആരോപണമുണ്ട്.കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് വാർഡ് നാലിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൻ വയൽ പടന്നക്കണ്ടി ഈസ്റ്റ് എൽപി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട് ചെയ്തത്.ഇതിനു പുറമെ കാസർഗോഡ് ജില്ലയിലെ മംഗൽപ്പാടി 20-ാം വാർഡിലും കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിട്ടുണ്ട്.1105 പ്രശ്നബാധിത ബൂത്തുകളിൽ കള്ള വോട്ട് തടയാനായി വെബ് കാസ്റ്റിങ് നടത്തുന്നുണ്ട്.

അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പോളിങ്ങിനെ ഇതൊന്നും ബാധിച്ചിട്ടില്ല. രാവിലെ ഏഴുമണിക്ക് വോട്ടിങ്ങ് ആരംഭിച്ചപ്പോൾ തുടരുന്ന ആവേശം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിവരെയുള്ള കണക്കനുസരിച്ച് പോളിങ്ങ് നില ഇപ്രകാരമാണ് പോളിങ് ശതമാനം സംസ്ഥാനം - 36.19% ജില്ല തിരിച്ച് മലപ്പുറം - 36.53% കോഴിക്കോട്- 36.10% കണ്ണൂർ - 36.07% കാസർകോഡ്- 35.53% കോർപ്പറേഷൻ: കോഴിക്കോട് - 30.19% കണ്ണൂർ- 27.23%