ടെഹ്‌റാൻ: ഇറാന്റെ മുതിർന്ന ആണവശാസ്ത്രജ്ഞൻ മൊഹ്‌സിൻ ഫക്രിസാദേയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇസ്രയേൽ കരങ്ങളാണെന്ന് ഏതാണ്ട് വ്യക്തമാകുമ്പോഴും ഈ കൊലപാതക ഗൂഢാലോചനയിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്ന ചോദ്യം ഉയരുകയാണ്. അറബ് ലീഗിന് നേതൃത്വം കൊടുക്കുന്ന സൗദി അറേബ്യയ്ക്കും ഫക്രിസാദേയുടെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ ഉയർത്തുന്നു. ഇതിന് ഉപോത്ഭലകമായ തെളിവുകളും പുറത്തുവരുന്നുണ്ട്.

കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചതെന്നാണ് വ്യക്തമാകുന്ന്.. ഫഖ്രിസാദേയെ വധിക്കും മുമ്പ് നടന്ന സംഭവങ്ങൾ ഇസ്രയേൽ-യുഎസ്- സൗദി അച്ചുതണ്ടില്ലേക്ക് വിരൽചൂണ്ടുന്നതാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഇസ്രയേൽ പ്രധാനമന്ത്രി ഇവർ ചേർന്ന് ചർച്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം തെറ്റാണെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും സൗദി അറിയിച്ചു. അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചർച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്. ഇക്കാര്യം ബിബിസി, സിഎൻഎൻ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഫലസ്തീനികളുമായുള്ള യഹൂദ രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലർത്തരുതെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള അറബ് ലീഗ് നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്), യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി സൗദി അറേബ്യയിലെ നിയോമിൽ നവംബർ 22 ന്, ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയതായാണ് ഇസ്രയേൽ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ഇതിന് തെളിവായുള്ള കാര്യങ്ങളും പുറത്തുവരുന്നുണ്ട്. സൗദി വ്യോമപാതയിൽ ഇസ്രയേൽ വിമാനം എത്തിയതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം.

നെതന്യാഹു, മൊസാദ് മേധാവി യോസി കോഹൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയർ ബെൻ-ശബ്ബത്ത്, നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറി അവി ബ്ലൂ എന്നിവരാണ് ടെൽ അവീവിൽ നിന്ന് നിയോമിലേക്ക് പോയത്. ബിസിനസുകാരനായ ഉഡി ഏഞ്ചലിന്റെ സ്വകാര്യ വിമാനമാണ് ഇവർ യാത്രക്കായി ഉപയോഗിച്ചത്. നവംബർ 22 ന് വൈകുന്നേരം 5 മണിക്ക് വിമാനം ഇസ്രയേലിൽ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് വിമാനം മടങ്ങിയത്.

വർഷങ്ങളായി ഇസ്രയേലിൽ നിന്നുള്ള വിമാനങ്ങളൊന്നും സൗദിയിലേക്ക് സർവീസ് നടത്തുന്നില്ല. സൗദി അറേബ്യയുടെ വ്യോമപാത പോലും ഇസ്രയേൽ വിമാനങ്ങൾ ഉപയോഗിക്കാറില്ല. വർഷങ്ങൾക്ക് ശേഷം അടുത്തിയിടെയാണ് യുഎഇയിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ വിമാനം സൗദിക്കു മുകളിലൂടെ പറന്നത്.

ഇസ്രയേലിന്റെ ആർമി റേഡിയോയും കാൻ റേഡിയോയും പ്രധാനമന്ത്രിയും മൊസാദ് തലവനും ടെൽ അവീവിൽ നിന്ന് രഹസ്യമായി നിയോമിലേക്ക് പറന്നുവെന്ന് അവകാശപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു. സൗദി ആസൂത്രണം ചെയ്ത് വികസിപ്പിച്ചെടുത്ത ഹൈടെക്, ടൂറിസം കേന്ദ്രമാണ് നിയോമിലെ ചെങ്കടൽ റിസോർട്ട്. ഇത് ഈജിപ്തിന്റെയും ജോർദാൻ അതിർത്തിയുടെയും അടുത്താണ്. ഇസ്രയേലിന്റെ തെക്കേ അറ്റത്ത് നിന്ന് 70 കിലോമീറ്റർ മാത്രം അകലെയാണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈൻ, സുഡാൻ എന്നിവർ ഇസ്രയേലിനെ അംഗീകരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ റിപ്പോർട്ടും പുറത്തുവന്നത്.

ഫ്‌ളൈറ്റ് റഡാർ 24.കോമിന്റെ ഡേറ്റ അനുസരിച്ച്, നവംബർ 22ന് ഞായറാഴ്ച ഉച്ചയ്ക്ക് ടെൽ അവീവിലെ ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫ്‌സ്ട്രീം IV ജെറ്റ് പറന്നുയർന്ന് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്തേക്ക് പോകുന്നതിനുമുൻപ് ഈജിപ്തിലെ സിനായി പെനിൻസുലയുടെ കിഴക്കൻ തീരത്ത് തെക്കോട്ട് പറന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. ജിഎംടി സമയം 18.30 ന് വിമാനം നിയോമിൽ ലാൻഡ് ചെയ്ത് 21.50 വരെ അവിടെ തുടർന്നു. പിന്നീട് അതേ വഴിയിലൂടെ ടെൽ അവീവിലേക്ക് മടങ്ങുകയും ചെയ്തു.

റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ വച്ചിരുന്ന റിമോട്ട് നിയന്ത്രിത മെഷീൻഗൺ ഫക്രിസാദെഹിനെ ലക്ഷ്യമാക്കി വെടിയുതിർത്താണ് കൊലപ്പെടുത്തിയത്. അക്രമികൾ ആരും രംഗത്തുവരാതെ തികച്ചും ആസൂത്രിതമായാണു കൊലപാതകം നടത്തിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഭാര്യക്കൊപ്പം ഫക്രിസാദെഹ് യാത്ര ചെയ്തതെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാന് കിഴക്ക് അബ്സാർദിലേക്കുള്ള യാത്രയിൽ മൂന്ന് അംഗരക്ഷകരാണ് ഒപ്പമുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം ഫക്രിസാദെഹ് എത്തേണ്ട സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാനായി കുറച്ച് നേരത്തേ പോയിരുന്നു. ഈ സമയത്ത് പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഫക്രിസാദെഹിന്റെ കാർ നിർത്തി. കാറിന് എന്തോ തകരാറുണ്ടെന്നു കരുതി ആക്രമണമാണെന്ന് അറിയാതെ ഫക്രിസാദെഹ് കാറിൽനിന്ന് ഇറങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ കാറിൽനിന്ന് 150 മീറ്റർ അകലെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽനിന്നാണ് വെടിവയ്പ് ഉണ്ടായത്.

ഫക്രിസാദെഹിനു മൂന്നു തവണ വെടിയേറ്റു. രണ്ടെണ്ണം വശത്തും ഒരെണ്ണം പിന്നിലുമാണ് കൊണ്ടത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. അംഗരക്ഷകർക്കും വെടികൊണ്ടു. തൊട്ടുപിന്നാലെ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു. മൂന്നു മിനിറ്റാണ് ആക്രമണം നീണ്ടതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഫക്രിസാദെഹിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യക്ക് ആക്രമണത്തിൽ പരുക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 29-ന് ഇറാനിൽനിന്നു കടന്ന ഒരാളിന്റെ വാഹനത്തിലാണ് റിമോട്ട് നിയന്ത്രിത മെഷീൻ ഗൺ സ്ഥാപിച്ചിരുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫക്രിസാദെഹിന്റെ മരണം സംബന്ധിച്ച് വിവിധ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ ശാസ്ത്രജ്ഞനെ വധിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ചോർന്നു എന്ന നിലയിലും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്നും 50 മൈൽ കിഴക്കുള്ള അബ്‌സാർദെന്ന നഗരത്തിൽ തെന്റെ കാറിനുള്ളിലാണ് ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദെ കൊല്ലപ്പെടുന്നത്. ആദ്യം ഒരു സ്‌ഫോടനമായിരുന്നു. തുടർന്നാണ്, തീവ്ര പരിശീലനം ലഭിച്ച 12 അംഗ സംഘം അദ്ദേഹത്തിനു നേരെ നിറയുതിർത്തത്.

ഈ പദ്ധതി മുഴുവൻ ആസൂത്രണം ചെയ്ത 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഈ 12 പേർ. ബാക്കിയുള്ള 50 പേർ ഈ കൊലപാതകത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നതിൽ വ്യാപൃതരായിരുന്നു. രാജ്യാധികാരികളിൽ നിന്നും തന്നെ ഫക്രിസദെയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങൾ ചോർന്ന് കിട്ടി എന്നവകാശപ്പെട്ടുകൊണ്ട് ഒരു ഇറാനിയൻ പത്രപ്രവർത്തകനാണ് ഇന്നലെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്താകെ അശാന്തി പടർത്തിയ ഈ കൊലപാതകത്തിന് ശേഷം നിരവധി പേരാണ് ഇസ്രയേലിനെതിരെ പ്രതികാര നടപടികൾക്കായി മുറവിളി കൂട്ടുന്നത്.