മുംബൈ: കഞ്ചാവ് കൈവശം വച്ചതിന് ബോളിവുഡ് നിർമ്മാതാവിന്റെ ഭാര്യയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായ ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് ആണ് അറസ്റ്റിലായത്്. ഇവരുടെ ജുഹുവിലെ വസതിയിൽനിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് എൻസിബി ഇവരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ മറ്റൊരാളുടെ മോഴിയെ തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഹാജരാകണമെന്ന് ഫിറോസിനോട് ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും എൻസിബി പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇയാൾക്ക് നോട്ടിസും അയച്ചിട്ടുണ്ട്. ആരക്ഷൺ, ഫിർ ഫേര ഫേരി, വെൽകം തുടങ്ങിയ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുടെ നിർമ്മാതാവാണ്. നേരത്തേ കഞ്ചാവ് കേസിൽ വാഹിദ് അബ്ദുൽ ഖാദിർ ഷെയ്ഖ് എന്നയാളെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെത്തുടർന്നാണ് ഫിറോസിന്റെ വീട്ടിൽ ഞായറാഴ്ച പരിശോധനയ്‌ക്കെത്തിയത്.

കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഫിറോസ് നാദിയാവാലെയെയും എൻസിബി കസ്റ്റഡിയിലെടുക്കും. ഷബാനയുടെ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ അറസ്റ്റഅ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇവരുടെ വസതിയിൽ തിരച്ചിൽ നടത്തിയ എൻസിബി കഞ്ചാവ് കിട്ടിയതോടെ ഷബാനയുടെ മൊഴിയെടുത്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് (എൻഡിപിഎസ്) പ്രകാരമാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.

സംസ്ഥാനത്ത് ലഹരി ഇടപാടുകാർക്കെതിരെ നീക്കം ശക്തമാക്കിയ എൻസിബി നേരത്തേ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഇടപാടുകാരെയും അവ വാങ്ങുന്നവരെയുമാണ് എൻസിബി ലക്ഷ്യമിട്ടത്. പിടിയിലായ നാലു പേരിൽനിന്ന് 727.1 ഗ്രാം കഞ്ചാവ്, 74.1 ഗ്രാം ചരസ്, 95.1 ഗ്രാം എംഡി എന്നിവയും 3.58 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. അതിനിടെ, നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശും ഇന്ന് എൻസിബിക്കു മുന്നിൽ ഹാജരായി.

നവംബർ 10നു മുന്നോടിയായി ഹാജരാകണമെന്ന് ഇവരോട് നിർദേശിച്ചിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ 10നു പരിഗണിക്കാനിരിക്കുകയാണ്. ഇടക്കാല ജാമ്യം അനുവദിച്ച കോടതി കേസുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വീട്ടിൽനിന്ന് ഹാഷിഷ് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.