ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ, കേരളം ഉന്നയിച്ച വിഷയങ്ങളിൽ അടക്കം അന്തിമവാദം ഫെബ്രുവരി 8ന് തുടങ്ങും. കേസിലെ പ്രധാന പരിഗണനാ വിഷയങ്ങൾ അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുന്നോടിയായി കൈമാറാൻ കക്ഷികളോടു കോടതി നിർദേശിച്ചു. ഇതിനായി ഇരു സംസ്ഥാനങ്ങൾക്കും വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ അടക്കം യോഗം വിളിക്കും.

ഡാമിനു താഴെ കഴിയുന്ന ആളുകളുടെ സുരക്ഷ, ആരോഗ്യ വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ഇതിനെ തർക്ക വിഷയമായല്ല കാണേണ്ടതെന്നും അഭിഭാഷകർ സഹകരിക്കണമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവർ വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണെന്ന് ആവർത്തിച്ച കോടതി, അണക്കെട്ടിന്റെ ഭരണകാര്യം കോടതിയുടെ ചുമതലയല്ലെന്നു പറഞ്ഞു.

ഡാമിന്റെ ചോർച്ച സംബന്ധിച്ച ഡേറ്റ കോടതിയിൽ ലഭ്യമാക്കണമെന്ന മുൻനിർദ്ദേശം പെരിയാർവാലി പ്രൊട്ടക്ഷൻ മൂവമെന്റിനു വേണ്ടി അഭിഭാഷകനായ വി.കെ. ബിജു ചൂണ്ടിക്കാട്ടിയെങ്കിലും ആദ്യം ഏതൊക്കെയാണ് പരിഗണനാ വിഷയങ്ങൾ എന്നു തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സംസ്ഥാന സർക്കാരിനു വേണ്ടി ജി. പ്രകാശ് ഹാജരായി.

പ്രധാന ഹർജിക്കാരനായ ഡോ. ജോ ജോസഫിന് വേണ്ടി സൂരജ് ഇലഞ്ഞിക്കലും സേവ് കേരള ബ്രിഗേഡിനായി വിൽസ് മാത്യുവും ഹാജരായി. കേസിൽ അടുത്തയാഴ്ച വാദം കേൾക്കാമെന്ന് ബെഞ്ച് പറഞ്ഞെങ്കിലും തമിഴ്‌നാട് യോജിച്ചില്ല. തുടർന്നാണ് ഫെബ്രുവരിയിലേക്കു മാറ്റിയത്