വാഷിങ്ടൻ: സ്ഥാനമൊഴിയാതിരിക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാനഫലവും പുറത്ത്. അവസാന ഫലം കൂടി പുറത്ത് വന്നപ്പോഴും ജോ ബൈഡന് 306, ഡോണൾഡ് ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറൽ വോട്ട് നിലയിൽ മാറ്റമില്ല.വെസ്റ്റ് വെർജീനിയയിലെ വോട്ടെണ്ണലാണ് ഒടുവിൽ പൂർത്തിയാക്കിയത്.യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നൽകി. അടുത്ത നിർണായക നടപടിയായ ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്തൽ 14ന് നടക്കും. ജനുവരി ആറിന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാകും വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും ഉണ്ടാവുക.

എന്നാൽ ഇപ്പോഴും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും ഇതിനായി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നുമുള്ള നിലപാടിൽ നിന്ന് ട്രംപ് മാറിയിട്ടില്ല. കഴിഞ്ഞ ആഴ്‌ച്ച പുറത്ത് വിട്ട 40 മിനിട്ടോളം വരുന്ന വീഡിയോയിൽ ഇ കാര്യം തന്നെയാണ് ട്രംപ് ആവർത്തിച്ചത്. ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വിസ്‌കോൻസെൻ എന്നിവിടങ്ങളിലെ 62 ഇലക്ടറൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്‌സസ് അറ്റോണി ജനറൽ കെൻ പാക്സ്റ്റൻ സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് ഒടുവിലായി ട്രംപ് കക്ഷി ചേർന്നത്.പക്ഷെ പ്രഥമവനിത മെലാനിയ ട്രംപ് വൈറ്റ് ഹൗസ് വിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

അതേ സമയം അധികാര കൈമാറ്റം ചെയ്യേണ്ടിവരുമ്പോൾ അതിന് കൂടുതൽ കൊഴുപ്പേകാൻ ഉള്ള ശ്രമങ്ങളും ട്രംപ് ആരംഭിച്ചു കഴിഞ്ഞു.ബൈഡന്റെ സ്ഥാനാരോഹ
ണത്തിനു മുൻപ് ഫെഡറൽ നിയമപ്രകാരം വീണ്ടും വധശിക്ഷ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ് ഭരണകൂടം. 1999ൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളിൽ ഒരാളായ ബ്രാൻഡൺ ബെർണാഡിന്റെ വധശിക്ഷയാകും ആദ്യം നടപ്പാക്കുക.മനുഷ്യാവകാശ പ്രവർത്തകരുടെ എതിർപ്പുകളെ അവഗണിച്ചാണു പുതിയ നീക്കം. യുഎസിൽ 17 വർഷത്തിനു ശേഷം കഴിഞ്ഞ ജൂലൈയിലാണ് ഫെഡറൽ നിയമപ്രകാരം വധശിക്ഷ നടപ്പാക്കിയത്.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ജനുവരി 20ന് ആണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികൾ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഇതിനകം ആരംഭിച്ചിരുന്നു.