അടൂർ: ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധു ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തിയിരുന്ന നാട്ടുകാരെ ഒറ്റു കൊടുത്ത് രാഷ്ട്രീയ പാർട്ടികൾ. ആസൂത്രിത നീക്കത്തിനൊടുവിൽ ഇന്ന് രാവിലെ കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഉപകരണങ്ങൾ ഇവിടെ കൊണ്ടിറക്കി. സമരക്കാരായി ഏതാനും സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. പൊലീസും ബഹളവുമൊക്കെ കണ്ടതോടെ ഇവർ ഭയന്ന് പിന്മാറി.

ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ കലഞ്ഞൂർ മധു ഹൈക്കോടതിയിൽ നിന്ന് പൊലീസ് സംരക്ഷണം വാങ്ങിയിരുന്നു. സിപിഎം, ബിജെപി, കോൺഗ്രസ് നേതാക്കൾ ചേർന്ന് പാവപ്പെട്ട ജനങ്ങളെ രംഗത്തിറക്കി നടത്തിയ നാടകമായിരുന്നു സേവ് ഏനാദിമംഗലം എന്ന പേരിൽ നടന്ന സമരം. സമരം എത്രത്തോളം ശക്തിപ്പെടുത്താമോ അത്രത്തോളം വലിയ തുക പാർട്ടി ഫണ്ടെന്ന പേരിൽ പ്ലാന്റുടമയിൽ നിന്ന് നേതാക്കൾ കൈപ്പറ്റിയെന്നാണ് ആരോപണം. എല്ലാ പാർട്ടിക്കാരും ഇക്കാര്യത്തിൽ മത്സരിച്ചു.

സിപിഎം ജില്ലാ നേതൃത്വം തുടക്കം മുതൽ മന്ത്രിയുടെ സഹോദരനൊപ്പം നിലയുറപ്പിച്ചു. എന്നാൽ, പ്ലാന്റ് വരുന്ന സ്ഥലത്തെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ സമരവുമായി രംഗത്തു വന്നു. ഇവർ സേവ് ഏനാദിമംഗലം എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് സ്ഥാപിച്ച് സമരം തുടങ്ങി. പാവപ്പെട്ട സ്ത്രീകളായിരുന്നു സമരത്തിന് മുന്നിൽ. പ്ലാന്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് മുന്നിൽ സമരപ്പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.

സമരം ചെയ്യുന്ന സിപിഎം-ഡിവൈഎഫ്ഐ നേതാക്കളോട് അത് അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് എടുത്തു കളയുമെന്ന് കൊടുമണിൽ നിന്നുള്ള ഏരിയാ നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ പിള്ള അടക്കമുള്ള സിപിഎമ്മുകാർ പ്രത്യക്ഷത്തിൽ പ്ലാന്റിന് എതിരായിരുന്നു. എന്നാൽ, അവർ പരോക്ഷമായി അനുകൂലിച്ചു. സിപിഎം അംഗം ശങ്കർ മാരൂർ മുൻകൈയെടുത്ത് പ്ലാന്റിനെതിരേ പ്രമേയം കൊണ്ടു വന്നു. പക്ഷേ, അതെല്ലാം വെറും നാടകം മാത്രമായിരുന്നുവെന്ന് ഇന്നാണ് നാട്ടുകാർക്ക് മനസിലായത്.

ഇടയ്ക്ക് ബിജെപിയും സിപിഎമ്മും കോൺഗ്രസുമെല്ലാം ജില്ലാ നേതാക്കളെ ഇറക്കി സമരത്തിന് ശക്തി പകർന്നു. മാരൂരുകാരനായ കോൺഗ്രസ് നേതാവ് സിനിമാ നടനെപ്പോലെ വന്ന് സമരം ഉദ്ഘാടനം ചെയ്ത് മടങ്ങി. ബിജെപിക്കാരും തങ്ങളുടെ വേഷം ഗംഭീരമാക്കി. എല്ലാവരും പാർട്ടി ഫണ്ടെന്ന പേരിൽ പണം വാങ്ങി പോക്കറ്റിലിട്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം ദുർബലപ്പെടുത്തി വരികയായിരുന്നു. ഈ സമയം അണിയറയിൽ പ്രക്ഷോഭം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്ന വിവരം പാവം നാട്ടുകാർ അറിഞ്ഞില്ല. പുരുഷന്മാർ ഓരോരുത്തരായി വലിഞ്ഞ് സ്ത്രീകെള മാത്രം മുന്നിൽ നിർത്തി സമരം ദുർബലമാക്കി. അങ്ങനെയാണ് ഇന്ന് അപ്രതീക്ഷിതമായി പ്ലാന്റ് ഇറക്കിയത്. ഇതോടെ സമരം തീർന്നു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് പൊലീസ് സുരക്ഷയോടുകൂടി യന്ത്രങ്ങൾ എത്തിച്ചത്. നേരത്തെ ഇവ എത്തിക്കാൻ ശ്രമിച്ചപ്പോൾ ജനകീയ സമരസമിതി പ്രവർത്തകർ തടയുകയും തുടർന്ന് അനിശ്ചിതകാല സമരം പ്രദേശത്ത് നടന്നു വരികയുമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ അറിവോടെയാണ് പ്ലാന്റ് എത്തിച്ചത്. പ്രദേശവാസികളെയും സാധാരണ പാർട്ടി പ്രവർത്തകരെയും അവഗണിച്ച് വീണ്ടും ധനമന്ത്രിയുടെ സഹോദരനായ വ്യവസായിക്ക് പിന്തുണ നൽകാൻ ഒരുങ്ങിയ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സമരം ശക്തമാക്കുമെന്ന് നാട്ടുകാരും പറയുന്നു.