ഇസ്ലാമബാദ്: രാജ്യം നേരിടുന്ന കടത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഐഎസ്ഐ ഡയറക്ടർ ജനറലിന്റെ നിയമനത്തിന്റെ പേരിൽ സൈന്യവുമായുള്ള ഭിന്നത കൂടി രൂക്ഷമായതോടെ പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിന്റെ നിലനിൽപ്പ് തന്നെ ആശങ്കയിൽ.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടയിൽ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈന്യവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതായും റിപ്പോർട്ടുകളുണ്ട്. ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ മേധാവി നിയമനവുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉടലെടുത്തിരിക്കുന്നത്. മുൻഗാമികളെപ്പോലെ ഭരണകാലാവധി പൂർത്തിയാക്കുംമുമ്പെ പട്ടാള അട്ടിമറിയിലേക്ക് രാഷ്ട്രീയ സാഹചര്യം എത്തുമോ എന്നുള്ളതാണ് ഉറ്റുനോക്കുന്നത്.

പുതിയ പാക്കിസ്ഥാൻ എന്ന വാഗ്ദാനത്തിൽ അധികാരത്തിലെത്തിയ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ രാജ്യത്തെ സമ്പദ്വ്യസ്ഥയെ താങ്ങിനിർത്താനുള്ള ശ്രമങ്ങളിൽ പരാജയപ്പെടുന്നതിന്റെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്ത രണ്ട് വർഷത്തെ കാലയളവിൽ (2021 മുതൽ 2023 വരെ) ഇമ്രാൻ ഖാൻ നയിക്കുന്ന ഭരണകൂടത്തിന് രാജ്യത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 51.6 ബില്യൺ ഡോളറിന്റെ ബാഹ്യ ധനസഹായം ആവശ്യമായി വരുന്ന അവസ്ഥയാണുള്ളത്. ഐഎംഎഫ് വിലയിരുത്തൽ പ്രകാരം 2021-22 കാലയളവിൽ പാക്കിസ്ഥാന് ആവശ്യമായ മൊത്തം ബാഹ്യ ധനസഹായം 23.6 ബില്യൺ ഡോളറും 2022-23ൽ അത് 28 ബില്യൺ ഡോളറുമാണെന്ന് പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ദ ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

ബാഹ്യ ധനകാര്യ ആവശ്യകതകളുടെ വിടവ് നികത്താൻ അന്താരാഷ്ട്ര നാണയ നിധിയുമായി കരാർ ഉണ്ടാക്കാൻ പാക്കിസ്ഥാൻ അവസാനവട്ട ശ്രമങ്ങൾ നടത്തുകയാണ്. ലോകബാങ്കും എഡിബിയും പാക്കിസ്ഥാന് പ്രോജക്റ്റ് വായ്പകൾ നൽകുന്നത് തുടരുമെന്നും എന്നാൽ പ്രോജക്റ്റുകൾ നടപ്പിലാക്കാനുള്ള ശേഷി കണക്കിലെടുത്ത് മാത്രമേ ഫണ്ട് കൈമാറുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്. ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ റേറ്റിങ് കൂടുതൽ താഴ്‌ത്താനും സാധ്യതകളേറെയാണ്. അതിനാൽ അന്താരാഷ്ട്ര ബോണ്ടുകൾ നൽകി ഫണ്ട് സൃഷ്ടിക്കുന്നത് ചെലവേറിയതായിരിക്കുമെന്നും ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

ഏറ്റവും വലിയ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയിൽ പാക്കിസ്ഥാനും ഉൾപെട്ടിട്ടുള്ളതായി ലോകബാങ്കിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാന്റെ വിദേശ കടം 8 ശതമാനം വർദ്ധിച്ചതായും ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജൂണിൽ, ഇമ്രാൻ സർക്കാർ ലോക ബാങ്കിൽ നിന്ന് 442 മില്യൺ ഡോളർ കടമെടുത്തതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ നികുതി സമ്പ്രദായത്തിലെ വൈകല്യങ്ങൾ പരിഹരിക്കാൻ ഐഎംഎഫ് ആവശ്യപ്പെടുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ഇപ്പോൾ നൽകിവരുന്ന വ്യത്യസ്ത ജിഎസ്ടി ഇളവുകളും നിരക്കുകളും 17 ശതമാനമായി ഏകീകരിക്കണമെന്നാണ് ഐഎംഎഫ് പറയുന്നത്. പെട്രോളിയം ഉൽപന്നങ്ങൾക്ക് 17 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തണമെന്നും വളം, ട്രാക്ടർ, മറ്റ് ഇനങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 17 ശതമാനം നിലവാരത്തിൽ കൊണ്ടുവരണമെന്നും ഐഎംഎഫ് നിർദ്ദേശമുള്ളതായി ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

എന്നാൽ അവഗണിക്കപ്പെട്ട കാർഷികമേഖലയെ ഇത് കൂടുതൽ പാർശ്വവത്കരിക്കുമെന്ന് വിശ്വസിക്കുന്ന പാക്കിസ്ഥാൻ അധികാരികൾ ഇത്തരം നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് സൈന്യവുമായി ഏറ്റുമുട്ടലിന്റെ വക്കിലേക്ക് ഇമ്രാൻ ഖാൻ സർക്കാർ എത്തിനിൽക്കുന്നത്.

ലഫ്റ്റനന്റ് ജനറൽ ഹമീദിനെ മാറ്റി ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഡയറക്ടർ ജനറൽ ആയി ലെഫ്റ്റനന്റ് ജനറൽ നദീം അൻജൂമിന്റെ പേര് സൈന്യം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ
റിപ്പോർട്ടുകൾ പ്രകാരം അയൽരാജ്യമായ അഫ്ഗാനിസ്താനിലെ സാഹചര്യം കണക്കിലെടുത്ത് നിലവിൽ ആ സ്ഥാനം വഹിക്കുന്ന ലഫ്റ്റനന്റ് ജനറൽ ഹമീദ് തന്നെ ഐഎസ്ഐ മേധാവിയായി തുടരണമെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഇമ്രാൻ കരസേനാ മേധാവി ജനറൽ ഖമർ ബജ്വയോട് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ലെഫ്റ്റനന്റ് ജനറൽ അൻജൂമിന്റെ നിയമനം സ്ഥിരീകരിക്കുന്ന വിജ്ഞാപനം പുറത്തിറങ്ങുന്നതിന് സാധാരണയിലധികം കാലതാമസം ഉണ്ടായ സാഹചര്യത്തിൽ നിർണായക പദവിയെക്കുറിച്ച് സിവിൽ, സൈനിക നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായവ്യത്യസങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചു.

ഐഎസ്ഐ ഡയറക്ടർ ജനറലിന്റെ നിയമനം പാക് പ്രധാനമന്ത്രിയുടെ അധികാരമാണ്. പക്ഷേ, സൈനിക മേധാവിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ പ്രധാനമന്ത്രി സാധാരണയായി ഐഎസ്ഐ മേധാവിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാറുള്ളു. പേരുകൾ സൈന്യം ശുപാർശ ചെയ്തതിന് ശേഷം പ്രഖ്യാപനം നടത്താൻ കൂടുതൽ സമയം എടുക്കുന്നതും പതിവില്ലാത്തതാണ്. എന്നാൽ പാക് പ്രധാനമന്ത്രിയുമായി ആലോചിക്കാതെയാണ് സൈന്യം ഐഎസ്ഐ മേധാവിയെ തിരഞ്ഞെടുത്തതെന്നാണ് ഈ വിഷയത്തിൽ ദീർഘകാലം പുലർത്തിയ മൗനത്തിന് ശേഷം സർക്കാർ പറഞ്ഞത്. ഇതോടെയാണ് സൈന്യവും സർക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.

ഇത്തരം സാഹചര്യം നിലനിൽക്കുന്നതിനിടയിൽ പുതിയ പ്രസ്താവനയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. ഒരു ജനറലിന് പോലും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിക്കാവുന്ന തരത്തിൽ മാതൃകാപരമായ നിയമവാഴ്ച രാജ്യത്ത് സ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് പാക് പ്രധാനമന്ത്രി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും സൈന്യവും തമ്മിലുള്ള തുടർച്ചയായ ഏറ്റുമുട്ടലിനെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്ന തരത്തിലായിരുന്നു ഇമ്രാൻ ഖാന്റെ ഈ പ്രസ്താവന എന്നുള്ളതും ശ്രദ്ധേയമാണ്.

സൈന്യത്തിലെ സുപ്രധാന സ്ഥാനമായി കണക്കാക്കപ്പെടുന്നതാണ് ഐഎസ്ഐ മേധാവി പദവി. രാജ്യത്തിന്റെ 74 വർഷത്തെ ചരിത്രത്തിന്റെ പകുതിയിലധികവും രാജ്യം ഭരിക്കുകയും ഇതുവരെ സുരക്ഷ, വിദേശനയം എന്നീ കാര്യങ്ങളിൽ ഗണ്യമായ പങ്കുവഹിക്കുകയും ചെയ്ത പാക്കിസ്ഥാൻ സൈന്യത്തെ പിണക്കി അധികാരത്തിൽ തുടരുക എന്നുള്ളത് ഇമ്രാൻ ഖാന് ഒട്ടും ഗുണം ചെയാനിടയില്ല. പ്രത്യേകിച്ച് രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ പശ്ചതാത്തലത്തിൽ.