പാലക്കാട്: പാലക്കാട് ജില്ലയിലെ പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം. പ്ലാസ്റ്റിക് വേസ്റ്റ് സംസ്‌കരണ കമ്പനിക്കാണ് തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

ചിറ്റൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും തുടർന്ന് കൂടുതൽ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്‌സിനെ എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. തീപിടുത്തത്തിൽ കമ്പനി പൂർണമായു കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.

ആളുകൾ ഫാക്ടറിയിൽ നിന്ന് പുറത്തുപോയതിനാലാണ് വൻ അപകടം ഒഴിവായത്. അതിനിടെ കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു സ്ത്രീ ജീവനക്കാരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പ്ലാസ്റ്റിക് ഫാക്ടറിക്ക് സമീപത്ത് വീടുകളിൽ നിന്ന് ആളുകളെ താൽക്കാലികമായി മാറ്റുകയും ചെയ്തു.

തീപിടിത്തമുണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നാണ് ആരോപണം. സ്ഥലം കയ്യേറിയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് കുറ്റപ്പെടുത്തി.