ദുബൈ: ദുബൈയിലെ റാസ് അൽ ഖോർ വ്യവസായ മേഖലയിലെ രണ്ട് വെയർഹൗസുകളിൽ തീപിടിത്തം. ദുബൈ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശനിയാഴ്ചയാണ് സംഭവം.

തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് കറുത്ത പുക വ്യാപിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫൻസ് സംഘം തീയണച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. വിവരമറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി.

അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് നിയന്ത്രണ വിധേയമാക്കാൻ പ്രത്യേക സംഘത്തിന് സാധിച്ചു. വെയർഹൗസുകളിലൊന്ന് പെയിന്റ് സൂക്ഷിക്കുന്നതും മറ്റൊന്ന് കെട്ടിട നിർമ്മാണ സാമഗ്രികളുടെ സംഭരണശാലയുമാണ്.