ഇടുക്കി: കരിമണൽ കുടക്കല്ല് ഭാഗത്ത് പുഴയിൽ കുടുങ്ങിയ ആദിവാസികളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപെടുത്തി.തലതിരിപ്പ് ആദിവാസികുടിയിലെ താമസക്കാരായ ചെല്ലപ്പൻ( 40) സതീഷൻ( 31 )ചന്ദ്രൻ ( 20 )എന്നിവരാണ് ലോവർപെരിയാർ ഡാമിനുതാഴെ പുഴയിൽ കുടുങ്ങിയത്.

മീൻപിടിക്കുന്നതിനായിട്ടാണ് ഇവർ പുഴയിലെ പാറയിൽ കുടിൽ കെട്ടി താമസിച്ചുവരികയായിരുന്നു. പുഴയിൽ നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ വൈകുന്നേരത്തോടെ ഡാംതുറന്നു. ഇതൊടെ പുഴയിൽ അതിവേഗം ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് രൂപപ്പെടുകയുമായിരുന്നു. ഇതെത്തുടർന്ന് മറുകര കടക്കാനാവാതെ ഇവർ പാറപ്പുറത്ത് കുടുങ്ങി. ആദ്യഘട്ടത്തിലെ ഒഴുക്കിന്റെ ഭീകരത ഇവരെ വല്ലാതെ ഭയപ്പെടുത്തി.

തുടർന്നാണ് പുഴയിൽ ഇറങ്ങുന്നതിനുള്ള നീക്കം ഉപേക്ഷിച്ച് പാറപ്പുറത്ത് തുടരാൻ ഇവർ തൂരുമാനിച്ചത്. കരിമണൽ പൊലീസ് അറിയിച്ചതുപ്രകാരം കോതമംഗലത്തുനിന്നുള്ള ഫയർഫോഴ്സ് സംഘം വൈകിട്ട് 5.30 തോടെ സ്ഥലത്തെത്തി. സ്‌കൂബാ സംഘം പുഴക്കു കുറുകെ വടംകെട്ടി ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ച് പാറയിൽ എത്തി യുവാക്കളെ കരക്കെത്തിക്കുകയായിരുന്നു.

പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും വകവയ്ക്കാതെ നമാത്രമായ വെളിച്ചത്തിലായിരുന്നു രക്ഷാപ്രവർത്തനം. കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് രണ്ടിൽ ആഡിറ്റ് 1 ഭാഗത്ത് പുഴയിലായിരുന്നു ഇവർ മീൻപിടിച്ചിരുന്നത്. കോതമംഗലം അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യുസീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ എസ് എൽദോസ് ഫയർ ഓഫീസർമാരായ പി എം റഷീദ,്സിദീഖ് ഇസ്മയിൽ, ബെന്നി മാത്യൂ എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളികളായി.