കോതമംഗലം: തേങ്ങയിടുന്നതിനുള്ള നീക്കത്തിനിടെ 30 അടിയോളം ഉയരത്തിൽ മരത്തിൽകുടുങ്ങിയ മധ്യവയസ്‌കനെ ഫയർഫോഴ്‌സും പൊലീസും ചേർന്ന് സാഹസീകമായി രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 5.30-തോടെ കോതമംഗലം നെല്ലിമറ്റം കുറുങ്കുളത്താണ് സംഭവം. പ്രദേശവാസിയായ ഷാജിയാണ് പുരയിടത്തിലെ 30 അടിയിലേറെ ഉയരം വരുന്ന ആഞ്ഞിലിമരത്തിൽ ഭയവിഹ്വലനായി മൂന്ന് മണിക്കൂറോളം കഴിച്ചുകൂട്ടേണ്ടി വന്നത്. ഉച്ചയ്ക്ക് 2.30-തോടെ സാജു മരത്തിൽക്കയറിയതായിട്ടാണ് പ്രദേശവാസികളിൽ രക്ഷാപ്രവർത്തകർക്കുലഭിച്ച വിവരം.

ആഞ്ഞിലിയിൽക്കയറിയശേഷം സമീപത്തെതെങ്ങിൽ നിന്നും തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും തേങ്ങയിട്ടശേഷം താഴേയ്ക്കിറങ്ങാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് മഴപെയ്‌തെന്നും ഇതോടെ മരത്തിൽ വഴുക്കൽ അനുഭവപ്പെട്ടുവെന്നും ഭയം വർദ്ധിച്ചതോടെ തലകറക്കം അനുഭവപ്പെട്ടെന്നും മരത്തിന്റെ ശിഖരത്തിൽ ബലമായി വട്ടം പിടിച്ചിരുന്നതിനാലാണ് താൻ താഴെ വീഴാതെ രക്ഷപെട്ടതെന്നും ഷാജി വെളിപ്പെടുത്തിയതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഷാജി മദ്യലഹരിയിലാണ് മരത്തിൽക്കയറിയതെന്നാണ് പ്രദേശവാസികൾ ഉദ്യോഗസ്ഥസംഘത്തെ അറിയിച്ചിരുന്നത്.എന്നാൽ ഇയാൾ സ്വബോധത്തിലായിരുന്നു മരത്തിനുമുകളിലിരുന്നതെന്നും ഇല്ലാത്തപക്ഷം താഴെ വീഴുന്നതിന് സാധ്യതയേറെയായിരുന്നെന്നും നിലത്തിറക്കിയപ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നില്ലന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും ഉദ്യോഗസ്ഥർ മറുനാടനോട് വെളിപ്പെടുത്തിയത്.

മുക്കാൽ മണിക്കൂറോളം സമയം ചിലവഴിച്ചാണ് ഫയർ‌സ്റ്റേഷൻ ഓഫീസർ സജിമാത്യുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഷാജിയെ താഴെ ഇറക്കിയത്.ആദ്യം ഗോവണവഴി മരത്തിനുമുകളിലെത്തി നെറ്റ് ഉപയോഗിച്ച് ഭഭ്രമായി താഴെ ഇറക്കുകയായിരുന്നു. നെറ്റിനുള്ളിലായിരുന്നെങ്കിലും താഴെയ്ക്കിറുക്കുന്നതിനിടെ മരത്തിന്റെ തായ്ത്തടിയിൽ നിന്നും പിടിവിടാനുള്ള ഷാജിയുടെ ഭയപ്പാടും വെപ്രാളവുമെല്ലാം കൂടിനിന്നിവരിൽ ചിരിക്കും വകയൊരുക്കി.