മസ്‌കത്ത്: ഒമാനിലെ തെക്കൻ ശർഖിയയിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിൽ തയർ വിലായത്തിലായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്‌നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റർ സിറ്റി ബസിനാണ് വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ തീ പിടിച്ചത്. യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തം സംബന്ധിച്ച് അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്.