തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം.

തിരുവനന്തപുരം വിമാനത്താവളത്തിലെ ടാക്‌സി കാറാണ് കത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ആളിനെയും കൂട്ടി കൊല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് തീപിടിച്ചത്. കാറിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവറും യാത്രക്കാരനും വാഹനം നിർത്തി പുറത്തിറങ്ങിയതിന് പിന്നാലെ തീപടർന്നു പിടിക്കുകയായിരുന്നു.

കഴക്കൂട്ടം പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.