ലണ്ടൻ: ഇംഗ്ലണ്ടിലെ ഡോർസെറ്റിൽ നടന്ന വെടിക്കെട്ടപകടത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഒരു ബോൺഫയർ നൈറ്റ് ഡിസ്പ്ലേയിൽ സംഭവിച്ച അപകടത്തിൽ ഒരു മുഴുവൻ ലോഡ് പടക്കത്തോടൊപ്പം അതുകൊണ്ടുപോവുകയായിരുന്ന ലോറിയും പൊട്ടിത്തെറിച്ചു. ശനിയാഴ്‌ച്ച രാത്രി ഡോർസെറ്റിലെ മാച്ചാംസിൽ റിങ്വുഡ് റേസ്വേയിൽ നൂറുകണക്കിന് ആളുകൾ കണ്ടു നിൽക്കവേയാണ് ഈ അപകടം ഉണ്ടായത്.

അവിടെ നടന്ന കരിമരുന്ന് പ്രയോഗത്തിന്റെ ഭാഗമായി കത്തിച്ച പടക്കങ്ങളിൽ ഒന്ന് തെറിച്ച് ഒരു ടിപ്പർ ട്രക്കിൽ വീഴുകയായിരുന്നു. ട്രക്കിൽ നിറയെ പടക്കങ്ങൾ ആയതിനാൽ പെട്ടെന്ന് തന്നെ അതിന് തീ പിടിക്കുകയും ചെയ്തു. തുടർന്ന് അതിഭീകരമായ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് കാണികൾ ഭയചകിതരായി നെട്ടോട്ടമോടുകയായിരുന്നു. ട്രക്കിലുള്ള പടക്കങ്ങൾ ഏതാണ്ട് മൂന്ന് മിനിറ്റ് നേരം തുടർച്ചയായി പൊട്ടിത്തെറിച്ചുകൊണ്ടിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.

പടക്കങ്ങൾ പൊട്ടിത്തീർന്ന ഉടനെ, അത് പരിപാടിയിൽ ഇല്ലാതിരുന്ന ഒരു ഇനമയിരുന്നു എന്നും എല്ലാവരും അത് ആസ്വദിച്ചുവോ എന്നും ഒരു പ്രഖ്യാപനം എത്തി. ഇത് മറ്റെവിടെയെങ്കിലും കാണാൻ സാധിക്കുമായിരുന്നോ എന്നും പ്രഖ്യാപനം നടത്തിയ വ്യക്തി ചോദിക്കുന്നുണ്ടായിരുന്നു. ബാംഗർ റേസിംഗും തുടര്ന്നു നടന്ന കരിമരുന്നു പ്രയോഗവും കാണാൻ പങ്കാളിയായ ഫേ ലൂക്കാസിനൊപ്പം എത്തിയ ഹാംപ്ഷയറിലെ അബോട്ട്സ്വുഡിൽ നിന്നുള്ള ആരോൺ ഓർക്കാർഡാണ് സംഭവം കാമറയിൽ പകർത്തിയത്.

20 പൗണ്ട് ടിക്കറ്റ് വെച്ച് നടത്തിയിരുന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തിരുന്നതായി അയാൾ പറഞ്ഞു. വാൻ പൊട്ടിത്തെറിച്ച ഉടനെ കൂണിന്റെ ആകൃതിയിൽ അഗ്‌നി മേൽപ്പോട്ടുയരുകയായിരുന്നു എന്നും ഈ 22 കാരൻ പറയുന്നു. അത് ഏറെത്താമസിയാതെ തന്നെ ഒരു വൻ അഗ്‌നിഗോളമായി മാറി. ആളുകൾ ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിലിൽ മറ്റുള്ളവർക്ക് പരിക്കേൽക്കുന്നുണ്ടോ എന്നൊന്നും നോക്കാൻ കാത്തുനിന്നതുമില്ല.

അപകടം നടന്ന സ്ഥലത്തുനിന്നും വെറും 30 മീറ്റർ അകലെ നിരവധി കാറുകൾ പാർക്ക് ചെയ്തിരുന്നു. സംഭവത്തിനുശേഷം സംഘാടകർ ഖേദം പ്രകടിപ്പിച്ചതായും ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട് എങ്കിൽ അവരെ ചികിത്സയ്ക്ക് വിധേയരാക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായും മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.എന്നാൽ, സംഘാടകർ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.