ഭോപ്പാൽ: ദീപാവലി ആഘോഷങ്ങൾ തുടങ്ങാനിരിക്കെ മധ്യപ്രദേശിൽ ചൈനീസ് നിർമ്മിത പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ബിജെപി സർക്കാർ. ചൈനീസ് പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സംസ്ഥാനത്ത് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയതായി ബുധനാഴ്ച സർക്കാർ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതിനിടെ മറ്റു സംസ്ഥാനങ്ങളും ദീപാവലി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി രംഗത്തുണ്ട്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയാണ് വിവിധ സംസ്ഥാനങ്ങൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാൻ, ഒഡിഷ, ബംഗാൾ, ഹരിയാന, സിക്കിം സംസ്ഥാനങ്ങളാണ് പടക്കങ്ങൾക്ക് നവംബർ ഏഴ് മുതൽ 30 വരെ നിരോധനം ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം കൂടി മുൻനിർത്തിയാണ് രാജസ്ഥാൻ എല്ലാ പടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ചൈനീസ് നിർമ്മിത പടക്കങ്ങൾ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാക്കിയാണ് മധ്യപ്രദേശിൽ ഉത്തരവിറക്കിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതിയും കുറ്റകൃത്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി, ഇവ സൂക്ഷിക്കൽ, കൈമാറ്റം, വിൽപ്പന ഇവയൊക്കെ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

ആളുകൾ ദീപാവലിക്ക് പ്രാദേശികമായി നിർമ്മിക്കുന്ന ചെരാതുകൾ വാങ്ങി വിളക്ക് കത്തിച്ച് ആഘോഷിക്കാനാണ് സർക്കാർ ആഹ്വാനം ചെയ്യുന്നത്. അതുവഴി ഇത്തരം ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികളുടെ വരുമാനം വർധിക്കുമെന്നും മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കുന്നു.