കൊച്ചി: വില്ലൻ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കറുത്ത വിന്റേജ് ബെൻസ് കാറിൽ നിന്നും പുറം തിരിഞ്ഞ പുറത്തിറങ്ങുന്ന ഗോപൻ എന്ന ലാലേട്ടൻ കഥാപാത്രമാണ് പോസ്റ്റ്‌റിലുള്ളത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.

ലൂസിഫറിന് ശേഷം വീണ്ടും മാസ് വേഷവുമായി മോഹൻലാൽ എത്തുന്ന ചിത്രം കൂടിയാണിത്. കോമഡിയും ആക്ഷനും സമം ചേർന്നുള്ള മാസ്സ് മസാല എന്റർടെയ്‌നർ ഒരുക്കുന്നത് സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക കാര്യം നിർവ്വഹിക്കാനായി പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ബ്ലോക്ക്‌ബസ്റ്ററായിരുന്ന മോഹൻലാൽ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹൻലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന സിനിമയുമാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, മാളവിക, രചന നാരായണൻകുട്ടി, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകും.