കൊച്ചി: വരുംദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തുറന്ന പശ്ചാത്തലത്തിൽ 2018-ലേതിനു സമാനമായ പ്രളയ സാഹചര്യമുണ്ടായാൽ പ്രതിസന്ധികളെ നേരിടാൻ സഹായഹസ്തവുമായി കടലിന്റെ മക്കൾ വീണ്ടും രംഗത്ത്. സാധിക്കും വിധം തടയിടാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആലുവ പ്രദേശത്താണ് സംഘം തമ്പടിച്ചിരിക്കുന്നത്.

നേരത്തെ ദുരന്തമുഖത്ത് സമാനതകളില്ലാത്ത സേവനം കാഴ്ച വച്ച് രാജ്യത്തിന്റെ തന്നെ പ്രശംസ പിടിച്ചു പറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യം. കൊച്ചിയുടെ വൈപ്പിൻ, ചെല്ലാനം തീര മേഖലയിൽ നിന്നുള്ള 13 വള്ളങ്ങളാണ് ആലുവ പ്രദേശത്തു തമ്പടിച്ചിരിക്കുന്നത്. ഓരോ ബോട്ടിലും നാലിൽ അധികം തൊഴിലാളികളുമുണ്ട്.

നിലവിൽ അടിയന്തര സാഹചര്യമില്ലെങ്കിലും അപ്രതീക്ഷിതമായി ഒരു സാഹചര്യം രൂപപ്പെട്ടാൽ അതിനെ നേരിടാൻ കലക്ടറേറ്റിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് കടലിനോടു പൊരുതുന്ന കരുത്തുമായി ഇവർ എത്തിയിരിക്കുന്നത്. ആലുവാപ്പുഴ കവിഞ്ഞു വെള്ളമെത്തിയാൽ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥലങ്ങളെല്ലാം മുന്നിൽ കണക്കാക്കിയാണ് സംഘത്തിന്റെ നിൽപ്.

കഴിഞ്ഞ പ്രാവശ്യം പ്രളയമുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിനെത്തിയ വള്ളങ്ങൾക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനങ്ങൾ പാഴായെങ്കിലും ചെയ്യാനുള്ളതു ചെയ്യുമെന്നാണ് പ്രതികരണം. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ വള്ളങ്ങൾ എത്തിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം വൈകിട്ടോടെ എത്തുമെങ്കിലും കാര്യമായി ജലനിരപ്പ് ഉയരില്ലെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ജില്ലാ ഭരണകൂടം ഇടപെട്ട് കടുത്ത സുരക്ഷാ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ട്.

ഇടമലയാറിന്റെ രണ്ട് ഷട്ടറുകളും രാവിലെ ഉയർത്തിയിരുന്നു. അതിനു ശേഷവും ഭൂതത്താൻ കെട്ടിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം എത്തുമ്പോഴും പെരിയാർ ജലനിരപ്പ് ഒരു പരിധിയിൽ കൂടുതൽ ഉയരില്ല എന്നത് ആശ്വാസകരമാണ്. 2018ൽ പെരിയാർ നിറഞ്ഞു കിടക്കുമ്പോഴായിരുന്നു ഡാമുകൾ തുറന്നത് എന്നതാണ് ദുരന്തത്തിനു വഴിയൊരുക്കിയത്.

കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ച് പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്. ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അഥോറിറ്റി കർശന നിർദ്ദേശം പുറപ്പെടുവിച്ചുകഴിഞ്ഞു.

അതേ സമയം രക്ഷാപ്രവർത്തനങ്ങൾക്കായി കൈകോർക്കുകയാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പും അടിയന്തിര സാഹചര്യങ്ങൾ വന്നാൽ ഉപയോഗിക്കാൻ താഴ്ന്ന പ്രദേശങ്ങളിലേക്ക് വള്ളങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. സേഫ് കേരള അനുസരിച്ചാണ് ഈ നീക്കം എന്ന് മോട്ടോർ വാഹന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിനായി ആലുവ, പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വള്ളങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.

ഇടുക്കി ഡാം ഉൾപ്പെടെ തുറന്ന പശ്ചാത്തലത്തിൽ 2018-ലേതിനു സമാനമായ പ്രളയ സാഹചര്യമുണ്ടായാൽ അടിയന്തിര സംവിധാനം ഒരുക്കാനാണ് വകുപ്പിന്റെ ശ്രമം. കൂറ്റൻ ലോറികളിൽ ചെല്ലാനം, കാളമുക്ക് എന്നീ ഫിഷിങ് ഹാർബറുകളിൽ നിന്നാണ് ആലുവ, പറവൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വള്ളങ്ങൾ കൊണ്ടുവരുന്നത്. ആറ് ലോറികളിലായി എട്ടോളം വള്ളങ്ങളാണ് മോട്ടോർ വാഹനവകുപ്പ് എത്തിച്ചിരിക്കുന്നത്. നാലോളം വള്ളങ്ങൾ ഇത്തരത്തിൽ കാലടി പ്രദേശത്തേക്ക് എത്തിക്കഴിഞ്ഞെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ വള്ളങ്ങൾ എത്തിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾക്കൊപ്പം എൻഡിആർഎഫും എത്തിയിട്ടുണ്ട്. നിലവിൽ അടിയന്തര സാഹചര്യമില്ലെങ്കിലും അപ്രതീക്ഷിതമായി ഒരു സാഹചര്യം രൂപപ്പെട്ടാൽ അതിനെ നേരിടാൻ കലക്ടറേറ്റിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് കടലിന്റെ മക്കളും എത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.