പാലക്കാട്: സിനിമാ സെറ്റിൽ സംഘപരിവാർ ആക്രമണം നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്. സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ചു കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, അക്രമം നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നീയാം നദിയെന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നയിടത്തേക്കാണ് സംഘപരിവാർ അതിക്രമിച്ചു കടന്ന് അക്രമം അഴിച്ചുവിട്ടത്. ഹിന്ദു-മുസ്ലിം പ്രണയകഥ പറയുന്ന ചിത്രം ക്ഷേത്ര പരിസരത്ത് ഷൂട്ടിങ് നടത്തുന്നതിനിടിയൊണ് സംഘം അക്രമം നടത്തിയത്. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഹിന്ദു- മുസ്ലിം പ്രണയം ചിത്രീകരിക്കാൻ അനുവദിക്കില്ല എന്നാരോപിച്ചാണ് ഷൂട്ടിങ് തടഞ്ഞതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

സിനിമ ഷൂട്ട് ചെയ്യാൻ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണ സമയത്ത് സംഘപരിവാർ പ്രവർത്തകർ എത്തുകയും ഷൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. തീവ്രവാദികൾ എന്നാരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്നും ഇവർ ആരോപിച്ചു.

അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും ലീഗിന്റെ ഉൾപ്പടെയുള്ള കൊടികൾ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാർ പ്രവർത്തകർ പറഞ്ഞു. ശ്രീകൃഷ്ണപുരം പൊലീസ് പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് മറ്റൊരിടത്തേക്കു മാറ്റി.