തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ദേശീയ കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും അഞ്ചുപേരെ കൂടി ഉൾപ്പെടുത്തി. കെ യു ജനീഷ് കുമാർ, വി കെ സനോജ്, ഗ്രീഷ്‌മ അജയഘോഷ്, ചിന്ത ജെറോം, എം വിജിൻ എന്നിവരാണ് പുതുമുഖങ്ങൾ. കേരളത്തിൽ നിന്നുള്ള എ എ റഹിം, എസ് സതീഷ്, എസ് കെ സജീഷ് എന്നിവർ നിലവിൽ ദേശീയ കമ്മിറ്റിയിലുണ്ട്. ഇവർക്ക് പുറമെയാണ് പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടുകൂടി ഡിവൈഎഫ്ഐയുടെ കേന്ദ്രകമ്മിറ്റിയിൽ കേരളത്തിന്റെ സാന്നിധ്യം നിർണായകമായി തീർന്നിരിക്കുകയാണ്. യുവനേതാക്കളായ എ എൻ ഷംസീർ, എം സ്വരാജ് എന്നിവർ യഥാക്രമം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാവുന്ന യുവനേതാക്കളുടെ കൂട്ടത്തിൽ എ എ റഹിമിനും ചിന്തയ‌്ക്കും സാദ്ധ്യതയേറെയാണ്. യുവജന കമ്മിഷൻ അദ്ധ്യക്ഷയാണ് നിലവിൽ ചിന്ത ജെറോം.